ഭീകരതയ്ക്കെതിരേ ഒരുമിച്ച് പോരാടുമെന്ന് ടില്ലേഴ്സണ്
ന്യൂഡല്‍ഹി: ലോകത്തെ വന്‍ ശക്തിയായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. പ്രഥമ ഇന്ത്യാസന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പുറത്തിറക്കിയ സുയുക്ത പ്രസ്താവനയിലാണ് ടില്ലേഴ്സണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്രവാദത്തിനെതിരേയും വികസനം, ഉഭയകക്ഷി സഹകരണം തുടങ്ങി നിരവധി മേഖലകളിലും സഹകരണം ആവാമെന്ന് ഇരുവരും പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ആധുനികവത്കരണത്തിന് ആവശ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനായി യു.എസ് സഹായിക്കുമെന്ന് ടില്ലേഴ്സണ് സുഷമയ്ക്ക് ഉറപ്പുനല്‍കി.
മേഖലയില്‍ സുരക്ഷ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിച്ച ടില്ലേഴ്സണ്, ഇന്ത്യയെ ഇക്കാര്യത്തില്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി സഹായിക്കുമെന്നും പ്രഖ്യാപിച്ചു. എഫ് 16, എഫ് 18, യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുമായി സഹകരിക്കും. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം തീവ്രവാദം എല്ലാവര്ക്കും ഭീഷണിയാണെന്ന് പറഞ്ഞ ഇരുവരും അതിന് പിന്തുണ നല്കുന്നവര് നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ടു. കൂടിക്കാഴ്ച്ചയില്‍ പാകിസ്താനെയും സുഷമ വിമര്‍ശിച്ചു.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാകിസ്താന്റേത്. ഭീകരര്‍ക്ക് സുരക്ഷിത കേന്ദ്രമൊരുക്കുന്നത് അവര്‍ അവസാനിപ്പിക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.
സുഷമയുടെ നിലപാടിനെ പിന്തുണച്ച ടില്ലേഴ്സണ് ഇന്ത്യയും അമേരിക്കയും സ്വാഭാവിക സുഹൃദ്രാജ്യങ്ങളാണെന്നും തീവ്രവാദത്തിനെതിരേ തോളോടു തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. അതേസമയം സാമ്പത്തിക സഹകരണം, വ്യാപാര കരാറുകള്‍, എച്.വണ്‍ ബി വിസ തുടങ്ങിയ കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ പുതിയ തീരുമാനങ്ങളുണ്ടാകും. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനാണ് ടില്ലേഴ്സണ് ഇന്ത്യയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."