നഴ്സിനെ കയറിപ്പിടിച്ച സംഭവം: കുറ്റക്കാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം
തിരൂര്‍: കൂട്ടായി ഗവ.ഫിഷറീസ് ഹെല്‍ത്ത് സെന്ററിലെ വനിതാ സ്റ്റാഫ് നഴ്സിനെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി നല്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും കുറ്റക്കാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം. കഴിഞ്ഞ 14നായിരുന്നു സംഭവം. തിരൂര്‍ സി.ഐ, എസ്.ഐ, ജില്ലാ പൊലിസ് മേധാവി, വനിതാ കമ്മീഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് നഴ്സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേരള ഗവ.നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തിരൂര്‍ ജില്ലാ ആശുപത്രി പരിസരത്തു നിന്ന് തുടങ്ങി നഗരം ചുറ്റി തിരൂര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധറാലി സമാപിച്ചു. വിശദീകരണ യോഗം കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറി സി.ടി നുസൈബ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.ടി പ്രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എന്‍ പ്രദീപ്, ജോയിന്റ് സെക്രട്ടറി ആര് ഉണ്ണികൃഷ്ണന്, ജില്ലാ പ്രസിഡന്റ് പി പുഷ്പലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."