കരാറുകാരുടെ സമരം തുടരുന്നു, വികസന പദ്ധതികള്‍ പ്രതിസന്ധിയില്‍
കൊട്ടാരക്കര: ചെറുകിട വന്‍കിട കരാറുകാര്‍ സംസ്ഥാന വ്യാപകമായി തുടരുന്ന നിസഹരണ സമരം രണ്ട് മാസം പിന്നിട്ടു. ഇതോടെ ചെറുതും വലുതുമായ വികസന പദ്ധതികളെല്ലാം തടസപ്പെട്ടു കിടക്കുകയാണ്.
കൊട്ടാരക്കര താലൂക്കില്‍ മാത്രം 30 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് മുടങ്ങിയിട്ടുള്ളത്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള റോഡ് നവീകരണ പ്രവര്‍ത്തനങ്ങളും മുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജി.എസ്.ടി യുമായി ബന്ധപ്പെട്ടുണ്ടായ നികുതി വര്‍ദ്ധനവാണ് കരാറുകാര്‍ പണിമുടക്ക് തുടരുന്നതിന്റെ പ്രധാന കാരണം.
നേരത്തെ നാല് ശതമാനം കോമ്പൗണ്ട് നികുതിയാണ് ഈടാക്കിയിരുന്നത്. ജി.എസ്.ടി നടപ്പിലാക്കിയതോടെ അത് 12 ശതമാനമായി വര്‍ധിച്ചു. ഇത് പരിഹരിക്കണമെന്നാണ് കരാറുകാര്‍ ആവശ്യപ്പെടുന്നത്. ജി.എസ്.ടി നികുതി അടയ്‌ക്കേണ്ടി വന്നാല്‍ കരാര്‍ തുക കൂടാതെ കൈനഷ്ടവും സംഭവിക്കുമെന്ന് കരാറുകാര്‍ ചൂണ്ടികാട്ടുന്നു.
കൊല്ലം ജില്ലയില്‍ മണലും കരിങ്കല്‍ ഉല്‍പന്നങ്ങളും ലഭ്യമല്ലാത്തതിനാല്‍ മറ്റു ജില്ലകളില്‍ നിന്നും ഇത് കൊണ്ടുവരണം. ഇതിന് വിലയും വാഹന വാടകയും ഇരട്ടിയാണ്.
ഇവ ന്യായവിലയക്ക് ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നാണ് കരാറുകാര്‍ ആവശ്യപ്പെടുന്നത്. സമരക്കാരുമായി ധനകാര്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. പി.ഡബ്യു.ഡി, ദേശീയപാത വിഭാഗം ജല അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയെല്ലാം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി കിടക്കുകയാണ്. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്ന് അവസ്ഥയിലാണ് കുഴിയടപ്പു ജോലികള്‍ ഒരിടത്തും നടന്നിട്ടില്ല.പത്തനാപുരത്ത് സംഘര്‍ഷത്തിന്റെ വക്കോളമെത്തി. ടെന്‍ഡര്‍ നടപടികള്‍ ബഹിഷ്‌കരിച്ചാണ് കരാറുകാര്‍ സമരം നടത്തിവരുന്നത്.
ഒരു പദ്ധതിയുടെ കരാറെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. ആരെങ്കിലും തയ്യാറായാല്‍ അവരെ ആക്രമിക്കാന്‍ പോലും കരാറുകാര്‍ മടിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആ രീതിയിലും ഉണ്ടായിട്ടുണ്ട്. ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ഇവരുടെ നിസ്സഹരണം മൂലം മുടങ്ങി കിടക്കുന്നു.
എം.പി, എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള വികസന പദ്ധതികളും ഏറ്റെടുത്ത് നടത്താന്‍ ആളില്ല. ഓരോ അസംബ്ലി മണ്ഡലത്തിലും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് ഇതുമൂലം തടസ്സപ്പെട്ടിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളൊക്കെ ഇപ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയാണ്.
വികസന പദ്ധതികളുടെ മുടക്കം തൊഴില്‍ മേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."