സ്വിസ് സ്വദേശികള്‍ക്കുനേരെ അക്രമം; യു.പി സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശികള്ക്കുനേരെയുണ്ടായ അക്രമ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.പി.സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഇരുവരും ചികിത്സയിലാണെന്നും സുഷമ സ്വരാജ് അറിയിച്ചു.
അതേസമയം ഇത്തരം അക്രമങ്ങള്‍ രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മയും വ്യക്തമാക്കി. വിദേശികള്‍ക്കെതിരായ ആക്രമണം ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
ക്വന്റന്‍ ജര്‍മി ക്ലര്‍ക്ക്(24), ഇയാളുടെ വനിതാ സുഹൃത്ത് മാരി ഡ്രോസ് (24)എന്നിവരാണ് ആക്രമണത്തിനിരകളായത്. സാരമായി പരുക്കേറ്റ ഇരുവരും ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലുകൊണ്ടും വടികൊണ്ടുമാണ് ഇവരെ ആക്രമിച്ചത്. അടിയേറ്റ് യുവാവിന്റെ തലയോട്ടിയ്ക്ക് ക്ഷതമേല്‍ക്കുകയും കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ കൈയ്ക്ക് പൊട്ടലുണ്ട്.
സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്ന് ആഗ്രയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ഇവര്‍. യു.പിയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ വച്ച് ഞായറാഴ്ചയാണ് അക്രമണം ഉണ്ടായത്.
ഉത്തര്‍പ്രദേശ്-രാജസ്ഥാന് അതിര്‍ത്തിയില്‍വച്ച് സംഭവത്തിലെ ഒരു പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന 2 പേരെക്കൂടി തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."