വൈദ്യുതബോര്‍ഡിന്റെ തൊഴില്‍ നിയമ ലംഘനം ക്വിറ്റ് രാപ്പകല്‍ ഡ്യൂട്ടിസമരം നടത്തുമെന്ന്
പാലക്കാട്: നൈറ്റ് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ അതേ ദിവസത്തെ പകല്‍ ഡ്യൂട്ടി ചെയ്യിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി വൈദ്യുതി ബോര്‍ഡ്. 1948ലെ ഫാക്ടീസ് ആക്ട് അനുസരിച്ച് ഒരു ദിവസം പരാമാവധി ഒന്‍പത് മണിക്കൂറില്‍ കൂടുതലോ ഒരാഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതലോ ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്ന നിയമമിരിക്കെയാണ് വൈദ്യുതബോര്‍ഡിന്റെ തൊഴില്‍ നിയമ ലംഘനം.
ബ്രേക്ക് ഡൗണ്‍ വിങ്ങിലെ ലൈന്‍മാന്‍, ഓവര്‍സിയര്‍ തസ്തികയിലുള്ളവരോടാണ് കെ.എസ്.ഇ.ബിയുടെ ഇത്തരമൊരു നടപടി. ഏതാണ്ട് എഴുന്നൂറിലധികം സെക്ഷനുകളിലായി 8400ഓളം തൊഴിലാളികളെ 12 മണിക്കൂറും 1400ല്‍ അധികം തൊഴിലാളികളെ 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്ന് പറയുന്നു.
രാപ്പകല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ച അഞ്ച് ലൈന്‍മാന്മാരെ ബോര്‍ഡ് കഴിഞ്ഞ വര്‍ഷം അന്യായമായി സസ്‌പെന്റ് ചെയ്യുകയുണ്ടായി.
ഇത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തുകയും അച്ചടക്ക നടപടികള്‍ റദ്ദാക്കുകയും തടഞ്ഞുവച്ച എല്ലാ ആനുകൂല്യങ്ങളും തിരിച്ചു നല്‍കാനും ഉത്തരവായി. നൈറ്റ് ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ അന്നു തന്നെ പകല്‍ ഡ്യൂട്ടിക്ക് വരേണ്ട ആവശ്യമില്ലെന്നും ആരെയും എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും ഉത്തരവിട്ടു. എന്നാലിതൊന്നും പാലിക്കാന്‍ ബോര്‍ഡ് തയ്യാറാവുന്നില്ല.
ഹൈക്കോടതി ഉത്തരവ് ലംഘനത്തിനെതിരേയും രാപ്പകല്‍ ജോലിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യ നിയമനടപടി തേടുമെന്ന് കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടിവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചൂഷണത്തിന് വിധേയരാകുന്ന തൊഴിലാളികളെ അണിനിരത്തി ക്വിറ്റ് രാപ്പകല്‍ ഡ്യൂട്ടി സമരം നടത്തുമെന്ന് കിസോ സംസ്ഥാന പ്രസിഡന്റ് പി.ജി പ്രസാദ്, കെ.വി ശിവദാസ്, മോഹന്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."