വ്യാപാരിയെ ആക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍
കുന്നംകുളം: വ്യാപാരിയെ ആക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയ നാലംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍. പഴുന്നാന ചെമ്മന്തിട്ട അമ്മനത്ത് വീട്ടില്‍ നൗഷാദ് (36) നെയാണ് കുന്നംകുളം എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. സംഘാംഗങ്ങളായ ആദൂര്‍ വലിയറ വീട്ടില്‍ റാഷിദ് (27), വെള്ളറക്കാട് കറുപ്പം വീട്ടില്‍ ഉസ്മാന്‍ (27), പഴുന്നാന ചെമ്മന്തിട്ട വട്ടപറമ്പില്‍ ശുഹൈബ് (23) വിദേശത്തേക്ക് കടന്നു. ഈ മാസം പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴൂര്‍ വൈശ്ശേരിയിലെ ജി.വി പ്ലാസ്റ്റിക് കടയുടമയായ പുലിക്കോട്ടില്‍ ഗാരി വര്‍ഗീസിനെ ആക്രമിച്ച് പ്രതികള്‍ ആറര ലക്ഷം കവരുകയായിരുന്നു. ഗാരിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ മുഖ്യപ്രതി റാഷിദിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയ പ്രതികള്‍ വൈശ്ശേരിയില്‍ കാത്തുനില്‍ക്കുകയും കടപൂട്ടി വന്ന ഗാരി പള്ളിയില്‍ നേര്‍ച്ചപണം നിക്ഷേപിക്കാന്‍ ഇറങ്ങിയ സമയത്ത് തലക്കടിച്ചു പരിക്കേല്പിച്ച് കാറില്‍ നിന്ന് പണം മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു. സംഭവ സമയത്തെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ സൈബര്‍ സെല്‍ മുഖേന പരിശോധിച്ച പൊലിസ് ഗാരിയുടെ മുന്‍ ഡ്രൈവറുടെ സംഭവ സമയത്തെ സാമീപ്യം മനസിലാകുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. പൊലിസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് വരച്ച രേഖാചിത്രവും അന്വേഷണത്തില്‍ നിര്‍ണായകമായി. രേഖ ചിത്രം പുറത്തു വന്നതോടെയാണ് പ്രതികള്‍ വിദേശത്തേക്ക് കടന്നത്. പാസ്‌പോര്‍ട്ട് ഇല്ലാതിരുന്നതിനാല്‍ നൗഷാദിനു വിദേശത്തേക്ക് കടക്കാനായില്ല. ഇയാള്‍ രക്ഷപെടാനുള്ള ശ്രമം നടത്തുന്നതിനിടയില്‍ പൊലിസ് സംഘം ഇയാളെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ ഗിരിജ വല്ലഭന്‍, ആഷിക്, ആരിഫ്, സുമേഷ് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."