കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് 200 കോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കും
തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമത്തെ ഐ.ടി കെട്ടിടം നിര്‍മിക്കാന്‍ സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. 200 കോടി ചെലവു വരും. സ്മാര്‍ട് സിറ്റി കമ്പനി നേരിട്ടാണു പദ്ധതി നടപ്പാക്കുക. ഏഴ് ലക്ഷം ചതുരശ്ര അടി സ്ഥലത്താണു രണ്ടാംഘട്ട പദ്ധതി.
കമ്പനി സ്വന്തമായി നിര്‍മ്മിച്ച ആദ്യ കെട്ടിടത്തില്‍ ഏഴു ലക്ഷം ചതുരശ്ര അടിയുണ്ടായിരുന്നു. അതില്‍ പാട്ടത്തിനു കൊടുക്കാവുന്ന 3.56 ലക്ഷം ചതുരശ്ര അടിയില്‍ 78 ശതമാനവും ഇതിനകം അലോട്ട് ചെയ്തു കഴിഞ്ഞു. സ്വന്തമായി പണിത ഏഴു ലക്ഷം ചതുരശ്ര അടിക്കു പുറമെ 65 ലക്ഷം ചതുരശ്ര അടി വിവിധ ഡെവലപ്പര്‍മാര്‍വഴി പണിയാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ നിര്‍മാണം മുന്നോട്ടുപോവുകയാണ്.സ്മാര്‍ട്ട് സിറ്റി സ്വന്തമായി പണിത കെട്ടിടത്തില്‍ അരലക്ഷം ചതുരശ്ര അടി ഏണസ്റ്റ് ആന്റ് യങ് എന്ന കമ്പനിക്കു നല്‍കാനുള്ള നിര്‍ദേശം യോഗം അംഗീകരിച്ചു. സിങ്കപ്പൂര്‍ ആസ്ഥാനമായ ബര്‍ണാഡ് സ്‌കട്ടില്‍ എന്ന കമ്പനിക്കു നാവികസംബന്ധമായ സോഫ്ട്‌വേര്‍ സൊലൂഷന്‍ ഉണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒരേക്കര്‍ ഭൂമി അനുവദിക്കാനും തീരുമാനിച്ചു. ആയിരം പേര്‍ക്കു ജോലി ലഭിക്കുന്ന പദ്ധതിയാണിത്.
കരാറുകാരുമായുളള എല്ലാ നിയമതര്‍ക്കവും അവസാനിച്ചുവെന്നു കമ്പനി പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. നേരത്തെ തീരുമാനിച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ ഇനി കഴിയും. പുതിയ സാഹചര്യത്തില്‍ സ്മാര്‍ട് സിറ്റിയിലേയ്ക്ക് ഏതൊക്കെ കമ്പനികളെ കൊണ്ടുവരാന്‍ കഴിയുമെന്നതു സംബന്ധിച്ചു പഠനം നടത്തും. സ്മാര്‍ട്ട ് സിറ്റിയുടെ കുതിച്ചുചാട്ടത്തിനുതകുന്ന പദ്ധതികള്‍ സംബന്ധിച്ചു ഹോള്‍ഡിങ് കമ്പനിയായ ദുബായ് ഹോള്‍ഡിങിന്റെ ചെയര്‍മാന്‍ അബ്ദുല്ല അഹമദ് അല്‍ ഹബ്ബായ് അടുത്തുതന്നെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. ഡയരക്ടര്‍മാരായ ഖാലിദ് അബ്ദുള്‍ കരിം ഹുസൈന്‍ അല്‍ മാലിക്, ജസിം മുഹമ്മദ് അബ്ദുല്ല അല്‍ അബ്ദുള്‍, ബദര്‍ അല്‍ ഗര്‍ഗാവി, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."