കെന്നഡി വധം: ഭാഗിക രഹസ്യരേഖകള്‍ പുറത്ത്; ദുരൂഹത പിന്നെയും ബാക്കി
വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്ത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുവാദത്തോടെയാണു വിവങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, നേരത്തെ അഞ്ചു ലക്ഷം രേഖകള്‍ പുറത്തുവിടുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഭാഗികമായ വിവരങ്ങള്‍ മാത്രമാണ് ഇന്നലെ ഓണ്‍ലൈനിലൂടെ പ്രസിദ്ധീകരിച്ചത്. സി.ഐ.എ സുരക്ഷാകാരണങ്ങള്‍ കാണിച്ച് മുഴുവന്‍ വിവരങ്ങളും പുറത്തുവിടുന്നത് തടയുകയായിരുന്നുവെന്നാണു വിവരം.
2,800 രേഖകള്‍ മാത്രമാണ് ഇന്നലെ ഓണ്‍ലൈനിലൂടെ പുറത്തുവിട്ടത്. സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (സി.ഐ.എ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) എന്നിവയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു രാജ്യസുരക്ഷയെ ബാധിക്കുന്ന ചില രേഖകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് ഒഴിവാക്കിയതെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാഷനല്‍ ആര്‍കൈവ്‌സിലുള്ള അവശേഷിക്കുന്ന രേഖകളെ സംബന്ധിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് 180 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കെന്നഡിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒക്ടോബര്‍ 26നു പുറത്തുവിടുമെന്ന് ട്രംപ് കഴിഞ്ഞ ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
1963 നവംബര്‍ 22ന് ടെക്‌സാസിലെ ഡെല്ലാസിലാണ് കെന്നഡി വെടിയേറ്റു മരിച്ചത്. ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്നയാളാണു കെന്നഡിക്കു നേരെ ഒളിഞ്ഞുനിന്നു വെടിയുതിര്‍ത്തത്. പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ നിശാക്ലബ് ഉടമസ്ഥനായ ജാക്ക് റൂബി എന്നയാള്‍ ഓസ്വാള്‍ഡിനെ വെടിവച്ചുകൊന്നിരുന്നു. ജനങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു ഇത്. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ജാക്ക് പിന്നീട് ജയിലില്‍വച്ച് മരിച്ചു.
കെന്നഡിയുടെ കൊലപാതകത്തിനു പിന്നിലുള്ളവരെ കുറിച്ചാണു പിന്നീട് സംശയങ്ങളുയര്‍ന്നത്. കെന്നഡിയുടെ കൊലപാതകത്തിനു മുന്‍പ് ഓസ്വാള്‍ഡ് ആറു തവണ മെക്‌സിക്കോയിലേക്കു യാത്ര ചെയ്‌തെന്നും അവിടെ ക്യൂബന്‍, സോവിയറ്റ് പ്രതിനിധികളെ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സി.ഐ.എ തന്നെയാണു വധത്തിനു പിന്നിലെന്ന വാദവും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട രേഖകളില്‍ കെന്നഡി വധവുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വെളിപ്പെടുത്തലുകളൊന്നുമില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ രേഖകളും പുറത്തുവിടണമെന്ന് 1992ല്‍ യു.എസ് കോണ്‍ഗ്രസ് ഉത്തരവിട്ടിരുന്നു. ഈ മാസം 26നായിരുന്നു ഇതിന്റെ കാലാവധി അവസാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."