സ്‌ട്രോക്ക് അഥവാ പക്ഷാഘാതം
തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ അടയുമ്പോഴോ അവ പൊട്ടി രക്തസ്രാവമുണ്ടാകുമ്പോഴോ ആണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തയോട്ടം നിലയ്ക്കുമ്പോള്‍ തലച്ചോറിന്റെ ആ ഭാഗത്തുള്ള കോശങ്ങള്‍ നശിക്കുന്നു. എവിടെയാണോ നാശം സംഭവിക്കുന്നത് അതനുസരിച്ചുള്ള രോഗലക്ഷണങ്ങള്‍ രോഗിക്ക് ഉണ്ടാകുന്നു. ഉദാഹരണത്തിന് തലച്ചോറില്‍ ബലം നിയന്ത്രിക്കുന്ന ഭാഗത്ത് രക്തയോട്ടം കുറയുമ്പോള്‍ ശരീരത്തിന്റെ മറുവശം തളര്‍ന്ന് പോകുന്നു. സംസാരം നിയന്ത്രിക്കുന്ന ഭാഗത്ത് രക്തയോട്ടം കുറയുമ്പോള്‍ സംസാരശേഷി നഷ്ടപ്പെടുന്നു.
പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി, അമിത കൊളസ്‌ട്രോള്‍ എന്നിവയാണ് സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണം. ഇന്ന് ഹൃദയാഘാതം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് പക്ഷാഘാതം മൂലമാണ്. ആറുപേരില്‍ ഒരാള്‍ക്ക് ജീവിതകാലത്തിലൊരിക്കല്‍ പക്ഷാഘാതം ഉണ്ടാകുന്നു. പക്ഷാഘാതം വന്നാല്‍ നേരത്തെ മനസിലാക്കി ചികിത്സക്കുന്നതുവഴി രോഗിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ചിലപ്പോള്‍ അസുഖം പൂര്‍ണമായി ഭേദമാക്കാനും കഴിയുന്നു.
ശരീരത്തിന്റെ ഒരു വശത്തിന്റെ തളര്‍ച്ച. ഉദാഹരണത്തിന് ഇടതു കൈയ്യും ഇടത് കാലും തളര്‍ന്നു പോവുക, മുഖം ഒരു വശത്തേക്ക് കോടി പോകുക, സംസാരശേഷി നഷ്ടപ്പെടുക, ഭക്ഷണം കഴിക്കുമ്പോള്‍ തരിപ്പില്‍ പോകുക, ശരീരത്തിന്റെ ഒരു ഭാഗത്തെ സ്പര്‍ശനശേഷി നഷ്ടപ്പെടുക എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ചെറിയ ഒരു ബലക്കുറവ് മുതല്‍ പൂര്‍ണ തളര്‍ച്ച വരെയാകാം രോഗത്തിന്റെ തീവ്രത. ഇത്തരം രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ അവ എത്ര തന്നെ ചെറുതാണെങ്കിലും ഉടന്‍ തന്നെ വൈദ്യസഹായം തേടണം.
പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ കേട്ട് രോഗിയെ പരിശോധിക്കുമ്പോള്‍ തന്നെ രോഗം സ്‌ട്രോക്ക് ആണെന്ന് മനസ്സിലാക്കാന്‍ കഴിയും. തലയുടെ സി.ടി സ്‌കാനോ, എം.ആര്‍.ഐ സ്‌കാനോ ചെയ്ത് ഇത് സ്ഥിരീകരിക്കാം. സ്‌കാന്‍ ചെയ്യുന്നത് വഴി സ്‌ട്രോക്കിന് കാരണം രക്തയോട്ടക്കുറവാണോ രക്തസ്രാവമാണോ എന്ന് വ്യക്തമായി മനസിലാക്കാം. ചികിത്സ നിശ്ചയിക്കുന്നതിന് ഇത് നിര്‍ണായകമാണ്്.
സ്‌ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനം എത്രയും നേരത്തെ അസുഖം കണ്ടുപിടിച്ച് ചികിത്സ തുടങ്ങുക എന്നതാണ്. 'ടൈം ഈസ് ബ്രയ്ന്‍' എന്നാണ് പറയുക. സമയം വൈകുന്തോറും തലച്ചോറിലെ കൂടുതല്‍ കൂടുതല്‍ കോശങ്ങള്‍ നശിച്ചു പോകുന്നു. അതനുസരിച്ച് അസുഖത്തിന്റെ തീവ്രത കൂടുകയും രോഗി പൂര്‍വസ്ഥിതിയില്‍ ആകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. അസുഖം തുടങ്ങി ആദ്യത്തെ നാലര മണിക്കൂറിനെ ഭഗോള്‍ഡന്‍ അവേഴ്‌സ്' എന്നാണ് പറയുക. ഈ സമയത്തിനുള്ളില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സ്‌ട്രോക്ക് രക്തയോട്ട കുറവുകൊണ്ടാണെങ്കില്‍ രക്തക്കട്ട അലിയിച്ചു കളയുന്നതിനായുള്ള ത്രോംബോലിസിസ് എന്ന ചികിത്സ നല്‍കാന്‍ കഴിയും. ഈ ചികിത്സയിലൂടെ 30 ശതമാനത്തോളം രോഗികളിലും അസുഖം പൂര്‍ണമായി മാറും. അതിനാല്‍ രോഗലക്ഷണങ്ങള്‍ എത്രയും പെട്ടെന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതാണ് സ്‌ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനം.
ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രികളുള്‍പ്പെടെ പ്രമുഖ ആശുപത്രികളിലെല്ലാം തന്നെ ഈ ചികിത്സ ലഭ്യമാണ്. നിര്‍ഭാഗ്യവശാല്‍ ഒട്ടുമിക്ക രോഗികളും പരമപ്രധാനമായ ഈ നാലര മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്താറില്ല എന്നതാണ് ഖേദകരം. രോഗത്തെക്കുറിച്ചും ഇതിന്റെ ഗൗരവത്തെക്കുറിച്ചുമുള്ള അജ്ഞതയാണ് പലപ്പോഴും രോഗികള്‍ ആശുപത്രിയില്‍ എത്താന്‍ വൈകുന്നതിനുള്ള കാരണം. ത്രോംബോലിസിസ് വഴി രക്തക്കട്ട അലിഞ്ഞു പോവാത്ത രോഗികള്‍ക്ക് ആന്‍ജിയോഗ്രാം ചെയ്ത് രക്തക്കുഴല്‍ വഴി രക്തക്കട്ട എടുത്തുമാറ്റുന്ന എന്‍ഡോവാസ്‌കുലര്‍ മെക്കാനിക്കല്‍ ത്രോംബക്ടമി എന്ന അത്യാധുനിക ചികിത്സയും ഇന്ന് ലഭ്യമാണ്. രോഗം തുടങ്ങി 6 മണിക്കൂറിനുളളില്‍ മാത്രമേ ഈ ചികിത്സയും നല്‍കാന്‍ കഴിയുകയുളളൂ. ഒരിക്കല്‍ സ്‌ട്രോക്ക് വന്ന രോഗിയെ മരുന്നുകളുടെയും ഫിസിയോതെറാപ്പിയുടെയും സഹായത്തോടെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. തളര്‍ന്നുപോയ ഭാഗത്തെ ശക്തി എത്രത്തോളം വീണ്ടെടുക്കാന്‍ കഴിയും എന്നുള്ളത് ഉണ്ടായ സ്‌ട്രോക്കിന്റെ ഗൗരവത്തെ ആശ്രയിച്ചിരിക്കും. ചിട്ടയായ ഫിസിയോതെറാപ്പിയും അസുഖം വീണ്ടും വരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളും ആരോഗ്യം വീണ്ടെടുക്കുന്നതിന് നിര്‍ണായകമാണ്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളും അവ വരുകയാണെങ്കില്‍ മരുന്നും വ്യായാമവും, ജീവിതശൈലിയിലെ മാറ്റവും വഴി അവ നിയന്ത്രിക്കുകയുമാണ് സ്‌ട്രോക്ക് വരാതിരിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. അതുപോലെ പുകവലി, മദ്യപാനം, ലഹരിമരുന്നിന്റെ ഉപയോഗം എന്നിവ ഒഴിവാക്കുന്നതും അത്യന്താപേക്ഷിതമാണ്.
ഹൃദയാഘാതം അപകടകാരിയാണെന്നും എത്രയും പെട്ടെന്ന് രോഗിയെ ആശുപത്രിയിലെത്തിക്കണമെന്നും നമുക്കറിയാം. അതുപോലെതന്നെയാണ് പക്ഷാഘാതവും. ഇത് ബ്രെയിന്‍ അറ്റാക്ക് ആണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക. നമ്മുടെ ജാഗ്രത ആജീവനാന്തം രോഗശയ്യയില്‍ കഴിയേണ്ടിവരുമായിരുന്ന ഒരാളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉപകരിക്കും.
ശ്രദ്ധിക്കാന്‍
ഒരിക്കല്‍ സ്‌ട്രോക്ക് വന്ന രോഗികള്‍ക്ക് അതു വീണ്ടും വരാതിരിക്കാനുള്ള ഗുളികകള്‍ ഒരു കാരണവശാലും കഴിക്കാതിരിക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ നിര്‍ത്താനും പാടില്ല. ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ഈ മരുന്ന് സൗജന്യമായി ലഭിക്കുന്നതാണ്.
ഒരിക്കല്‍ പക്ഷാഘാതം വന്ന രോഗിക്ക് വീണ്ടും പക്ഷാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അസുഖം പൂര്‍ണമായി ഭേദമായാലും തുടര്‍ ചികിത്സ പ്രധാനമാണ്. പലപ്പോഴും അസുഖം പൂര്‍ണമായി മാറുന്ന രോഗികള്‍ പല കാരണവശാലും മരുന്ന് നിര്‍ത്താറുണ്ട്. അസുഖം വീണ്ടും വരാനുള്ള ഏറ്റവും പ്രധാന കാരണം ഇതു തന്നെയാണ്. ചിട്ടയായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്ക് പക്ഷാഘാതം വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."