ട്രിനിറ്റി സ്‌കൂളിലെ ആത്മഹത്യ: പി.ടി.എ യോഗത്തില്‍ ബഹളം
കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ ഗൗരി നേഘയെന്ന പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബഹളം. പെണ്‍കുട്ടിയുടെ ബന്ധുക്കളെയും രക്ഷിതാക്കളെയും യോഗത്തില്‍ സംസാരിക്കാന്‍ മാനേജ്‌മെന്റ് അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് യോഗം സംഘര്‍ഷത്തിലേക്ക് നീണ്ടത്. രക്ഷിതാക്കള്‍ സംസാരിക്കുന്നതിനിടെ അധികൃതര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. സ്‌കൂളില്‍ യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധിച്ചു. ഇതോടെ പൊലിസ് പ്രതിഷേധക്കാരെ ഇവിടെ നിന്നും നീക്കം ചെയ്യാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. ശേഷം പൊലിസ് ഇടപെട്ട് രക്ഷിതാക്കള്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ഗൗരിയുടെ ആത്മഹത്യക്ക് കാരണക്കാരായ രണ്ട് അധ്യാപകരെ അറസ്റ്റു ചെയ്യാതെ സ്‌കൂള്‍ തുറക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് താനെന്നും അറസ്റ്റു ചെയ്ത നിമിഷം സ്‌കൂള്‍ തുറക്കുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും ഗൗരിയുടെ അഛന്‍ പ്രസന്നന്‍ പറഞ്ഞു. തന്റെ ഇളയ മകളെ ഇനി ഇവിടെ പഠിപ്പിക്കില്ലെന്നും തന്നെ സ്‌നേഹിക്കുന്നവരും സുഹൃത്തുക്കളും അങ്ങനെ തന്നെ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ മാനേജ്‌മെന്റ് വിളിച്ച യോഗത്തില്‍ മാനേജ്‌മെന്റിനെ അനുകൂലിച്ച് സംസാരിക്കുന്നവരെ മാത്രമാണ് വിളിച്ചതെന്ന ആരോപണം നേരത്തെയും ഉണ്ടായിരുന്നു. അന്നും യോഗം ബഹളത്തില്‍ കലാശിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യാതെ സ്‌കൂള്‍ തുറക്കാനനുവദിക്കില്ലെന്ന നിലപാടിലാണ് വിവിധ സംഘടനകളും.
മരിച്ച ഗൗരി നേഘ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."