ആഡംബര കാര്‍: രേഖകള്‍ ഹാജരാക്കാന്‍ കാരാട്ട് ഫൈസലിന് നോട്ടിസ്
കൊടുവള്ളി: എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രയുടെ സ്വീകരണത്തിനിടെ കൊടുവള്ളിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച ബി.എം.ഡബ്ല്യു മിനി കൂപ്പര്‍ കാറിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമ കാരാട്ട് ഫൈസലിന് ഗതാഗത വകുപ്പിന്റെ നോട്ടിസ്. പോണ്ടിച്ചേരി രജിസ്ട്രേഷനില്‍ ഉള്ള കാര്‍ സ്ഥിരമായി കൊടുവള്ളിയില്‍ ഓടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ ചുമതലയുള്ള എം.വി.ഐ കെ.ടി ശംജിത്ത് ഫൈസലിന് തിങ്കളാഴ്ച നോട്ടിസ് നല്‍കിയത്. പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്കിയ മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഏഴ് ദിവസത്തിനകം ഹാജരാക്കണമെന്നാണ് നോട്ടിസിലുള്ളത്്.
30 ലക്ഷം രൂപ വിലയുള്ള കാറിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു ലക്ഷം രൂപയാണ് നികുതി അടക്കേണ്ടത്. എന്നാല്‍ കേരളത്തില്‍ ഇത് എട്ട് ലക്ഷം വരും. ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സ്ഥിരമായി കേരളത്തില്‍ ഓടുന്നത് നികുതി വെട്ടിപ്പായാണ് പരിഗണിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം കാരാട്ട് ഫൈസലിനോട് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടതെന്ന് എം.വി.ഐ കെ.ടി ശംജിത്ത് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."