ഇരു കവിളിലും ഇങ്ങനെ ആഞ്ഞുതല്ലുമ്പോള്‍
പഴയതൊന്നും മറക്കില്ല. പുതിയത് പഠിക്കുകയുമില്ല രാഷ്ട്രീയക്കാരെന്ന് പൊതുവെ പറയാറുണ്ട്. അതില്‍ വാസ്തവം ഇല്ലാതില്ല. മാറുന്ന കാലത്തിനൊത്ത് പുതിയ ദിശാബോധം വളര്‍ത്തിയെടുക്കാന്‍ ദീര്‍ഘദര്‍ശനവും കര്‍മകുശലതയുമുള്ള നേതാക്കള്‍ ഇല്ലാതായിരിക്കുന്നു എന്നതാണ് രാജ്യം നേരിടുന്ന വലിയ ദുരന്തം. വളര്‍ന്നുവരുന്ന തലമുറ രാഷ്ട്രീയത്തില്‍നിന്ന് അകന്നുപോവുന്നുവെങ്കില്‍ അതിനുള്ള മുഖ്യകാരണം രാജ്യം നേരിടുന്ന സമകാലിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശേഷിയില്ലാത്ത, ജീര്‍ണതയില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന ജരാനര ബാധിച്ച ഇന്നത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്.
നികുതി ഈടാക്കുന്നതിലൊതുങ്ങുന്നു ഇവരുടെ ഭരണ മികവ്. അതുപോലും ശരിയാംവിധം പൊതുഖജനാവിലെത്തിക്കാന്‍ ശേഷിയില്ല. എവിടെയും അഴിമതിയും ധൂര്‍ത്തുമാണ്. നാടിന്റെ വിഭവശേഷി പ്രയോജനപ്പെടുത്തുന്ന ഒരു കര്‍മപദ്ധതിയും ഇവര്‍ക്ക് മുന്നോട്ടുവയ്ക്കാന്‍ കഴിയാറില്ല. പ്രതിപക്ഷത്താണെങ്കില്‍ എന്തിനോടും നശീകരണ മനോഭാവമാണ്. അതാണ് പ്രതിപക്ഷ ധര്‍മം എന്നാണ് വയ്പ്. സമരവും പ്രതിഷേധവും വേണ്ടതുതന്നെ. പക്ഷേ, നവീനമായ ഒരു സമരമാര്‍ഗം പോലും ഭാവനാശൂന്യമായ ഇവരുടെ ചിന്താമണ്ഡലത്തില്‍ ഉദിക്കാറില്ല. പണ്ടെങ്ങോ ആരോ തുടങ്ങിവച്ച ഹര്‍ത്താലും പണിമുടക്കും ഘെരാവോയുമാണ് ഇന്നും സമരായുധം. ഒരാള്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തിയാല്‍ എതിര്‍കക്ഷി 24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തും. അതാണ് ഏക വ്യത്യാസം. ഇപ്പോള്‍ യാത്രകളുടെ കാലമാണ്. കൊടിയുടെ നിറവ്യത്യാസം മാത്രമേയുള്ളൂ. കെട്ടും മട്ടും അലങ്കരിച്ച വാഹനങ്ങള്‍ക്കും ഒന്നും മാറ്റമില്ല.
മുദ്രാവാക്യങ്ങള്‍ക്കുമില്ല വ്യത്യാസം. അഴിമതി, അക്രമം, ജനദ്രോഹം എന്നിവയാണ് എല്ലാവരുടെയും പ്രചാരണ വിഷയങ്ങള്‍. ഓരോരുത്തരും പറയുന്നത് അവനവന്റെയല്ല, എതിര്‍ കക്ഷിയുടേതാണെന്ന് മാത്രം. ജനങ്ങള്‍ ന്യായമായും അറിയാനാഗ്രഹിക്കുന്ന ഉത്തരങ്ങളൊന്നും ഈ യാത്രകളില്‍നിന്ന് കിട്ടില്ല. ചോദ്യങ്ങള്‍ മാത്രമേ കേള്‍ക്കൂ. ഉത്തരം നല്‍കേണ്ടത് നികുതിദായകരായ ജനങ്ങളാണെന്നാണ് ഭാവം. തങ്ങളുടെ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് യാത്രകള്‍ സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ ന്യായീകരിക്കാറുണ്ട്. മാധ്യമമേഖല ഇത്രയേറെ വികസിച്ച കാലത്ത് കോടികള്‍ ചെലവഴിച്ചും ഗതാഗതം സ്തംഭിപ്പിച്ചും നിര്‍ബന്ധിത പിരിവ് നടത്തിയും മാസങ്ങള്‍ നീളുന്ന യാത്രകള്‍ തന്നെ വേണ്ടതുണ്ടോ? വാര്‍ത്താമാധ്യമങ്ങള്‍ ശുഷ്‌കമായിരുന്ന കാലത്ത് ഇത്തരം യാത്രകള്‍ ആവശ്യമായിരിക്കാം. ഇന്ന് അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പൊന്‍വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാരുടെ എന്ത് സന്ദേശമാണ് നാടിന്റെ മുക്കിലും മൂലയിലും എത്താത്തത്. ടി.വിയില്‍ 24 മണിക്കൂറും ഇവരുടെ വാഴ്ത്താരികളാണ്. പത്രങ്ങളില്‍ വെണ്ടക്കയായും മത്തങ്ങയായും നിറഞ്ഞുനില്‍ക്കുന്നതും ഇവര്‍ തന്നെ. പോരാത്തതിന് സോഷ്യല്‍ മീഡിയകളും. ഇവ എത്താത്ത ഏത് കോണിലാണ് യാത്രകള്‍ ചെന്നെത്തുന്നത്. ഇനി അണികളെ സജ്ജരാക്കാനാണെന്നാണ് വാദമെങ്കില്‍ വാടകക്കെടുത്ത ഇതരസംസ്ഥാന തൊഴിലാളികളെ ജാഥയില്‍നിന്ന് കൈയോടെ പിടികൂടിയ ജനങ്ങള്‍ അത് മുഖവിലക്കെടുക്കുകയുമില്ല.
സമ്പത്തും സമയവും ദുര്‍വ്യയം ചെയ്തും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയും നടത്തുന്ന ജാഥകള്‍ അത് സംഘടിപ്പിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കുപോലും ഗുണം ചെയ്യുന്നില്ല എന്നതാണ് സമീപകാല അനുഭവങ്ങള്‍. കേരളത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ബി.ജെ.പിയുടെ യാത്ര കഴിഞ്ഞതോടെ അവരുടെ ഉള്ള വോട്ടും നഷ്ടമായി. ഇടതുമുന്നണി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന യാത്രയും അവരെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതാണവസ്ഥ. ആഡംബര കാറിലും നേതാക്കളുടെ വിവാദ പ്രസ്താവനകളിലും കുടുങ്ങിയ ജാഥ എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചാല്‍ മതി എന്ന പരുവത്തിലാണിപ്പോള്‍. രമേശ് ചെന്നിത്തലയുടെ യാത്രയും മറ്റൊരു തരത്തിലാവാന്‍ വഴിയില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍പ്പോലും രണ്ട് നേതാക്കള്‍ കൈയാങ്കളിക്ക് മുതിര്‍ന്നെങ്കില്‍ താഴെക്കിടയിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തകര്‍ എന്തൊക്കെയാവും യാത്രക്കിടെ കാട്ടിക്കൂട്ടുക എന്നത് ആര്‍ക്ക് പ്രവചിക്കാനാവും.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നേരെ പൊതുസമൂഹം ഉയര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. പക്ഷെ അവയ്‌ക്കൊന്നും ഈ യാത്രക്കാര്‍ ഉത്തരം പറയാറില്ല. അത് പറയാതിരിക്കാനാണ് ഇവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നത്. ഇപ്പോള്‍ ഭരണകക്ഷിയല്ലെങ്കിലും ഒന്നരവര്‍ഷം മുമ്പ് കേരളത്തിലും അതിനുമുമ്പ് കേന്ദ്രത്തിലും ഭരണം കൈയാളിയവരാണ് തങ്ങളെന്ന് പുതിയ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ ഓര്‍ക്കുന്നത് നന്ന്. വിലക്കയറ്റം, അഴിമതി, ഇന്ധനവില നിര്‍ണയം, സ്വാശ്രയപ്രശ്‌നം എന്നിവ ഒറ്റദിവസം കൊണ്ട് ഉയര്‍ന്നുവന്നതല്ല. പ്രതിപക്ഷത്താവുമ്പോള്‍ മാത്രമല്ല, ഭരണത്തിലിരിക്കുമ്പോഴും ജനങ്ങളാണ് പരമാധികാരികളെന്ന കാര്യം വിസ്മരിച്ചുകളയരുത്. അങ്ങനെയൊരു ധാരണയില്ലാതെ ഭരണത്തിന്റെ ശീതളഛായയില്‍ അര്‍മാദിക്കുന്നതാണ് പ്രശ്‌നം. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മത്സരിക്കുന്നവരാണ് രാഷ്ട്രീയ പാര്‍ട്ടികളെന്ന പൊതുധാരണ തിരുത്തിക്കുറിക്കേണ്ടത് രാഷ്ട്രീയക്കാര്‍ തന്നെയാണ്.
ഭര്‍ത്താവ് തല്ലിയപ്പോള്‍ കരഞ്ഞുകൊണ്ട് സ്വന്തം വീട്ടിലേക്ക് ഓടിവന്ന മകളോട് അച്ഛന്‍ ചോദിച്ചത്രെ ആ നെറികെട്ടവന്‍ എവിടെയാണ് തല്ലിയതെന്ന്. വലത്തെ കവിള്‍ത്തടം ഉഴിഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു, ഇതാ ഇവിടെ. എന്റെ മോളെ തല്ലിയാല്‍ അവന്റെ ഭാര്യയെ ഞാന്‍ വെറുതെ വിടില്ലെന്ന് പറഞ്ഞ് അച്ഛന്‍ അവളുടെ ഇടതുകവിളില്‍ ആഞ്ഞുതല്ലി. ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളുടെ ഇരുകവിളിലും ഇങ്ങനെ മത്സരിച്ച് തല്ലുന്ന ദുരവസ്ഥയ്ക്ക് എന്നാണൊരു മാറ്റം വരിക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."