അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം
തിരുവനന്തപുരം: 1993 ഐ.എ.എസ് ബാച്ചിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഉഷ ടൈറ്റസ്, കെ.ആര്‍ ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ .ദേവേന്ദ്രകുമാര്‍ ദൊധാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവര്‍ക്കായിരിക്കും സ്ഥാനക്കയറ്റം ലഭിക്കുക. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിയമനം നല്‍കും.
ഹൈക്കോടതിയിലെ 38 ഓഫിസ് അസിസ്റ്റന്റ് തസ്തികകള്‍ സേവക് തസ്തികകളാക്കി മാറ്റും. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഉള്‍പെടെ 20,330 രൂപയായിരിക്കും വേതനം. കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം നല്‍കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കും. കണ്ണൂര്‍ ജില്ലയിലെ പടിയൂരില്‍ പുതിയ ഐ.ടി.ഐ ആരംഭിക്കും. ഫിറ്റര്‍ ട്രേഡിന്റെ രണ്ടു യൂനിറ്റുകളാണ് ഇവിടെ ആരംഭിക്കുക. ഇതിനുവേണ്ടി ആറു തസ്തികകള്‍ സൃഷ്ടിക്കും. പിണറായിയിലെ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എട്ടു തസ്തികകള്‍ അധികമായി സൃഷ്ടിക്കും. ഭവനിര്‍മാണ ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2018 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ബോര്‍ഡ് തന്നെ ഏറ്റെടുക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."