ഗെയില്‍ സമരത്തിലും പൊലിസിന് തീവ്രവാദബാധ!
ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തുണ്ടായ ജനകീയസമരങ്ങള്‍ക്കെല്ലാം തീവ്രവാദ ആരോപണം ചമയ്ക്കുന്നതു പൊലിസ് നയമായി സ്വീകരിക്കുകയാണോയെന്നു തോന്നിപ്പോകുന്നു. കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതി ജനവാസമേഖലയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി മുക്കത്തു നടന്നുവരുന്ന ജനകീയസമരത്തെ ക്രൂരമായ ആക്രമണത്തിലൂടെ ചോരയില്‍ കുതിര്‍ത്തിരിക്കുകയാണു പൊലിസ്.
ജനാധിപത്യമാര്‍ഗത്തില്‍ നടന്നുവന്ന സമരത്തിനിടയിലേയ്ക്കു മുക്കം എസ്.ഐ പ്രകോപനം സൃഷ്ടിക്കാനായി ബോധപൂര്‍വം വാഹനം ഓടിച്ചുകയറ്റുകയായിരുന്നുവെന്നും പലരുടെയും ദേഹത്തു വാഹനം ഉരസിയെന്നുമാണ് സമരമുന്നണിയിലുണ്ടായിരുന്നവര്‍ പറയുന്നത്. രാവിലെ ഒമ്പതരയോടെ തന്നെ പൊലിസ് ഏറ്റുമുട്ടലിനുള്ള സന്നാഹമൊരുക്കിയിരുന്നതായാണ് ആരോപണം. മലപ്പുറം-കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളായ വലിയപറമ്പിലും കല്ലായിയിലും അര്‍ധരാത്രിക്കുശേഷവും സംഘര്‍ഷാവസ്ഥ തുടരുകയായിരുന്നു.
ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി കക്ഷിരാഷ്ട്രീയം മറന്നു സമരമുഖത്തേയ്ക്കിറങ്ങുന്നവര്‍ക്കെതിരേ തീവ്രവാദബന്ധം ആരോപിക്കുന്നതു പൊലിസ് ശൈലിയായി മാറിയിരിക്കുന്നു. ഇതു പൊലിസിനു താല്‍ക്കാലികമായി പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളിയാകുമെങ്കിലും ഭാവിയില്‍ സംസ്ഥാനത്തിന്റെ സ്വച്ഛന്ദമായ രാഷ്ട്രീയ, സാമൂഹ്യാവസ്ഥയെ സാരമായി ബാധിക്കുന്നതായി മാറുമെന്നതില്‍ സംശയമില്ല. താല്‍ക്കാലിക ലാഭത്തിനുവേണ്ടി ഉയര്‍ത്തുന്ന ദുരാരോപണങ്ങള്‍ പൊലിസിന്റെ വിശ്വാസ്യത തകര്‍ക്കും. ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നു വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത് ശ്രദ്ധിക്കേണ്ടതാണ്.
കിടപ്പാടവും അഞ്ച് സെന്റ് ഭൂമിയും നഷ്ടപ്പെടുന്ന നിര്‍ധനരായ മനുഷ്യര്‍ ജീവിക്കാനുള്ള അവകാശത്തിനായി സമരരംഗത്തേക്കിറങ്ങുന്നത് ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ രാഷ്ട്രീയകക്ഷി ഭേദമില്ലാതെ സമരത്തിലേയ്ക്ക് എടുത്തുചാടും. പ്ലാച്ചിമടയിലും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരത്തിലും ലോ അക്കാദമി സമരത്തിലും പാമ്പാടി നെഹ്‌റു കോളജിനെതിരേ നടത്തിയ സമരത്തിലും പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിലും കണ്ടത് ഈ യാഥാര്‍ഥ്യമാണ്. ഇത്തരം സമരങ്ങളെ തീവ്രവാദബന്ധമെന്ന സ്ഥിരം പല്ലവി ഉയര്‍ത്തി ചെറുതാക്കാനാണു പൊലിസും സര്‍ക്കാരും ശ്രമിക്കുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലിസ് വലിച്ചിഴച്ചപ്പോള്‍ ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയ വി.എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനെ തീവ്രവാദിയാക്കി പൊലിസ് ചിത്രീകരിച്ചതു മറക്കാറായിട്ടില്ല.
പൊലിസ് അവിടെ നടത്തിയ ആക്രമണത്തിനു സാധൂകരണം കിട്ടാനായിരുന്നു ഈ ആരോപണം. എന്തുവന്നാലും ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാശി നല്ലതുതന്നെ. പക്ഷേ, അതു നടപ്പാക്കുമ്പോള്‍ ഇരകളായിത്തീരുന്ന സാധാരണക്കാരനു നഷ്ടപ്പെടുന്ന ഭൂമിക്കു പകരം ഭൂമിയോ വീടിനു പകരം വീടോ മറ്റു പുനരധിവാസപദ്ധതിയോ പാക്കേജോ പ്രഖ്യാപിക്കാത്തതു ദുരൂഹമാണ്. വികസനം മനുഷ്യര്‍ക്കുവേണ്ടിയാണ്, മനുഷ്യര്‍ വികസനത്തിനു വേണ്ടിയല്ല. മണ്ണും വീടും നഷ്ടപ്പെടുന്ന സാധാരണക്കാര്‍ വികസനത്തിന്റെ പേരില്‍ തെരുവിലേയ്ക്കാണോ ഇറങ്ങേണ്ടത്.
പശ്ചിമബംഗാളില്‍ ഇതേ നിലപാടു തുടര്‍ന്നതിനാലാണ് ആ സംസ്ഥാനത്തുനിന്നു സി.പി.എം തുടച്ചുനീക്കപ്പെട്ടതെന്നോര്‍ക്കണം. അന്നന്നത്തെ അഷ്ടിക്കുവേണ്ടി പാടുപെടുന്ന ദരിദ്രരുടെ കൂരകള്‍ ജെസിബി കൊണ്ടു നിരത്തിയുണ്ടാക്കുന്ന വികസനം ആര്‍ക്കുവേണ്ടിയാണ്. വികസനത്തിന് ആരും എതിരല്ല. പക്ഷേ, വികസനത്തിന്റെ പേരില്‍ ഇരകളായിത്തീരുന്നവരെ വിശ്വാസത്തിലെടുക്കണം. അവര്‍ക്കു നഷ്ടപ്പെടുന്ന ഭൂമിയും വീടും പകരം നല്‍കണം.
ഗെയില്‍ പൈപ്പ്‌ലൈന്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഇരകളെ ബോധ്യപ്പെടുത്തണം. അതിന് ജനപ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ഇതൊന്നും ചെയ്യാതെ പൊലിസ് സര്‍വസന്നാഹങ്ങളുമായി യുദ്ധം ചെയ്യാനെന്നമട്ടില്‍ പദ്ധതി നടപ്പാക്കാന്‍ വന്നാല്‍ നടക്കുമെന്നു തോന്നുന്നില്ല.
ഒരിഞ്ച്ഭൂമിക്കു ലക്ഷങ്ങള്‍ വിലമതിക്കുന്ന കൊച്ചി മെട്രോക്ക് വേണ്ടി സ്ഥലം നഷ്ടപ്പെടുന്നവര്‍ ഭൂമി വിട്ടുകൊടുത്തതിന്റെ മാതൃകയാണ് യു.ഡി.എഫില്‍നിന്ന് ഇടതുസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഭൂമിയും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് ഉചിതമായ പാക്കേജായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ കൊച്ചിയില്‍ നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ, നടപടിക്രമങ്ങള്‍ ഇല്ലാതെ ഒരുനാള്‍ ജെസിബിയും പൊലിസുമായി വന്നാല്‍ എല്ലാം നിരപ്പാക്കാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്.
മുക്കത്തെ സമരക്കാരില്‍ സി.പി.എം അനുഭാവികള്‍വരെയുണ്ടെന്നു സര്‍ക്കാര്‍ ഓര്‍ക്കണം. അവരൊന്നും തീവ്രവാദികളല്ല. ഇതു സര്‍ക്കാര്‍വിരുദ്ധ സമരമല്ലെന്നും വ്യക്തം. ഹൈക്കോടതി നിയോഗിച്ച അഭിഭാഷകന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗെയില്‍ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നു ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ നീതിക്കുവേണ്ടി ഭൂമി നഷ്ടപ്പെടുന്നവര്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പൊലിസ് സ്റ്റേഷന്‍ ആക്രമണം ആസൂത്രിതമാണെന്നും സമരക്കാര്‍ കലാപം സൃഷ്ടിക്കാന്‍ വന്നവരാണെന്നുമുള്ള നിരുത്തരവാദപരമായ പ്രസ്താവന പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതായിരുന്നു. ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനം നടത്താന്‍. ജനകീയസമരങ്ങളെയെല്ലാം തീവ്രവാദബന്ധം ആരോപിച്ചു തകര്‍ക്കാമെന്നു കരുതുന്നതു വിവരക്കേടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."