ചുവരുകളില്‍ നിന്ന് വൈദ്യുതാഘാതമേല്‍ക്കുന്നു നന്തിപുലം വില്ലേജ് ഓഫിസ് കെട്ടിടം ജീര്‍ണാവസ്ഥയില്‍
നന്തിപുലം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജീര്‍ണാവസ്ഥയില്‍ നന്തിപുലം വില്ലേജ് ഓഫിസ് കെട്ടിടം. നാട്ടുകാരുടെ സഹായത്തോടെ 2003 ല്‍ നിര്‍മിച്ച വില്ലേജ് ഓഫിസ് കെട്ടിടമാണ് ജീര്‍ണാവസ്ഥയിലായിരിക്കുന്നത്.
കോണ്‍ക്രീറ്റ് മേല്‍ക്കൂര ചോര്‍ന്ന് ചുവരുകളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന നിലയിലാണ്. ഈര്‍പ്പം തട്ടി വയറിങ് സാമഗ്രികള്‍ നനഞ്ഞതോടെ ചുവരില്‍ നിന്ന് ഷോക്കേല്‍ക്കുന്നതായും ജീവനക്കാര്‍ പറയുന്നു.
ഫയലുകള്‍ സൂക്ഷിക്കാന്‍ ഫര്‍ണിച്ചറുകള്‍ ഇല്ലാത്തതുമൂലം നിലത്താണ് അടുക്കിവച്ചിരിക്കുന്നത്. നനഞ്ഞിരിക്കുന്ന ഓഫിസിന്റെ ഉള്ളില്‍ അടുക്കി വച്ചിരിക്കുന്ന രേഖകള്‍ ചിതലരിച്ച് പോകാനും സാധ്യതയേറെയാണ്.
ചോര്‍ച്ച പരിഹരിക്കുന്നതിനായി കെട്ടിടത്തിന് മുകളില്‍ ഷീറ്റ് മേഞ്ഞ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് അധികൃതര്‍ നിരവധി തവണ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വില്ലേജ് ഓഫിസുകളുടെ അറ്റകുറ്റപണികള്‍ക്ക് ഫണ്ടില്ലെന്ന് പറഞ്ഞാണ് അധികൃതര്‍ ഒഴിഞ്ഞു മാറുന്നത്. ടെറസില്‍ മഴവെള്ളം കെട്ടികിടക്കുന്നത് തടഞ്ഞാല്‍ ഒരു പരിധിവരെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കരുതുന്നത്. വെള്ളം ചോര്‍ന്നൊലിച്ച് ജനലുകളും വാതിലുകളും നശിച്ചുകൊണ്ടിരിക്കുകയാണ്. ചില ഭാഗങ്ങളില്‍ ചുവരുകള്‍ക്ക് വിള്ളലും അനുഭവപ്പെട്ടിട്ടുണ്ട്. നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യത്തിനൊടുവിലാണ് വരന്തരപ്പിള്ളി വില്ലേജില്‍ നിന്ന് വിഭജിച്ച് നന്തിപുലത്ത് വില്ലേജ് ഓഫിസ് നിര്‍മിക്കാന്‍ അനുമതിയായത്. ഗുണഭോക്തൃ സമിതി സ്വരൂപിച്ച തുക കൊണ്ട് അഞ്ച് സെന്റ് സ്ഥലവും വഴിയും വാങ്ങി സര്‍ക്കാരിന് കൈമാറുകയായിരുന്നു.
പിന്നീട് ഏഴ് മാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1600 ഓളം കുടുംബങ്ങളാണ് വില്ലേജ് ഓഫിസിനെ ആശ്രയിക്കുന്നത്.
ദിനംപ്രതി നിരവധി ആളുകള്‍ എത്തുന്ന ഓഫിസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും വില്ലേജ് ഓഫിസ് സ്ഥലം ഏറ്റെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ജോസഫ് ചെതലന്‍ പറഞ്ഞു .
ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് പുറമെ മൂന്ന് ജീവനക്കാരും അപകടകരമായ കെട്ടിടത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഉപയോഗശൂന്യമായ രീതിയില്‍ നശിച്ചുപോകാന്‍ സാധ്യതയുള്ള കെട്ടിടം അറ്റകുറ്റപണി നടത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."