ത്രസിപ്പിക്കുന്ന പോരാട്ടം; ഹൈടെക്ക് പരിഷ്‌ക്കാരങ്ങള്‍ ഫലം കണ്ടു
ആലപ്പുഴ:പുന്നമടക്കായലില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി നെഹ്‌റു ട്രോഫിക്ക് ഉജ്ജ്വല പരിസമാപ്തി.
ആവേശകരമായ പോരാട്ടത്തില്‍ 64 -ാമത് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത് കാരിച്ചാല്‍ ചുണ്ടനാണ്. വിദേശികള്‍ ഉള്‍പ്പടെയുള്ള വള്ളംകളിപ്രേമികള്‍ പുന്നമടക്കയലിലെ പകല്‍പൂരത്തിന് ആവേശം പകര്‍ന്നു.
കൈക്കരുത്തിന്റെയും മെയ്‌വഴക്കത്തിന്റെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ നിരവധിക്കാഴ്ചകള്‍ക്കാണ് ഇന്നലെ പുന്നമടക്കായല്‍ സാക്ഷിയായത്. സമയം മാത്രം വിജയികളെ നിശ്ചയിച്ച ത്രസിപ്പിക്കുന്ന മത്സരം വിസ്മയക്കാഴ്ചയായി.
പൊളിച്ചെഴുതിയ വള്ളം കളിനിയമങ്ങള്‍ പോരാട്ടത്തിന് കൂടുതല്‍ ആവേശം പകരുമെന്ന പ്രതീക്ഷ തെറ്റിയില്ല. കഴിഞ്ഞ തവണ വരെ ഹീറ്റ്‌സ് മത്സരങ്ങളിലെ വിജയികളാണ് കലാശപ്പോരില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നത്. എന്നാല്‍ ഇത്തവണ അഞ്ചു ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ സമയം കുറിച്ച നാലുചുണ്ടനുകളാണ് ഫൈനലില്‍ മാറ്റുരച്ചത്.
കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ ജയിംസ് കുട്ടി ജേക്കബ് ക്യാപ്റ്റനായ കാരിച്ചാല്‍ 4.22.10 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ജേതാവായി. 4.32.10 മിനിറ്റില്‍ ഫിനിഷ് ചെയ്ത അച്ചന്‍ കുഞ്ഞ് ക്യാപ്റ്റനായ കൈനകരി യു.ബി.സി. തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ രണ്ടാമതെത്തി. 4.33.70 മിനിറ്റെടുത്ത എടത്വാ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ കെ.ആര്‍. ഗോപകുമാര്‍ ക്യാപ്റ്റനായ നടുഭാഗം മൂന്നാമതും 4.33.80 മിനിറ്റെടുത്ത പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ ബിജോയ് സുരേന്ദ്രന്‍ ക്യാപ്റ്റനായ മഹാദേവികാട് കാട്ടില്‍തെക്കേതില്‍ നാലാംസ്ഥാനത്തും എത്തി.
ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍ (4.40.10 മിനിറ്റ്) ഒന്നാമതെത്തി. ആയാപറമ്പ് വലിയ ദിവാന്‍ജി (4.41.30) രണ്ടാംസ്ഥാനത്തും പായിപ്പാടന്‍(4.41.40) മൂന്നാംസ്ഥാനത്തും ആനാരി (4.41.90) നാലാംസ്ഥാനത്തുമെത്തി.
ചുണ്ടന്‍ വള്ളങ്ങളുടെ രണ്ടാം ലൂസേഴ്‌സില്‍ ജവഹര്‍ തായങ്കരി (4.40.70 മിനിറ്റ്) ഒന്നാംസ്ഥാനത്തെത്തി. ദേവാസ് (4.53.00) രണ്ടാം സ്ഥാനത്തും സെന്റ് ജോര്‍ജ്(4.53.60) മൂന്നാംസ്ഥാനത്തും ആയാപറമ്പ് പാണ്ടി പുത്തന്‍(4.54.40) നാലാംസ്ഥാനത്തുമെത്തി.
ചുണ്ടന്‍ വള്ളങ്ങളുടെ മൂന്നാം ലൂസേഴ്‌സില്‍ വെള്ളംകുളങ്ങര(4.54.90 മിനിറ്റ്) ഒന്നാം സ്ഥാനത്തെത്തി. ശ്രീഗണേശന്‍ (4.58.50) രണ്ടാംസ്ഥാനത്തും ശ്രീ വിനായകന്‍(5.11.40) മൂന്നാംസ്ഥാനത്തും മഹാദേവന്‍(5.31.77) നാലാംസ്ഥാനത്തുമെത്തി.
വെപ്പ് എ ഗ്രേഡ് മത്സരത്തില്‍ നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ ബിജോ മോന്‍ ജോസഫ് ക്യാപ്റ്റനായ അമ്പലക്കടവന്‍ ഒന്നാം സ്ഥാനത്തെത്തി. തൃപ്പെരുന്തുറ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ മണലി രണ്ടാംസ്ഥാനത്തും സെന്റ് ജോണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ആശ പുളിക്കക്കളം മൂന്നാം സ്ഥാനത്തുമെത്തി.
വെപ്പ് ബി ഗ്രേഡ് മത്സരത്തില്‍ കൈനകരി വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് തുഴഞ്ഞ ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ ക്യാപ്റ്റനായ ചിറമേല്‍ തോട്ടുകടവന്‍ ഒന്നാംസ്ഥാനത്തെത്തി. കാരാപ്പുഴ ബോട്ട് ക്ലബ് തുഴഞ്ഞ എബ്രഹാം മൂന്നുതൈക്കല്‍ രണ്ടാംസ്ഥാനത്തും കുമരകം സഹൃദയ ബോട്ട് ക്ലബ് തുഴഞ്ഞ പനയകഴിപ്പ് മൂന്നാംസ്ഥാനത്തും കിടങ്ങറ ബോട്ട് ക്ലബ് തുഴഞ്ഞ പുന്നത്ര പുരയ്ക്കല്‍ നാലാംസ്ഥാനത്തുമെത്തി.
ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തില്‍ വി.റ്റി. ലൂക്കോസ് ക്യാപ്റ്റനായ ആര്‍പ്പൂക്കര ബോട്ട് ക്ലബ് തുഴഞ്ഞ മൂന്നുതൈക്കല്‍ ഒന്നാംസ്ഥാനത്തെത്തി. ഒളശ ഫ്രണ്ട്‌സ് ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിത്തറ രണ്ടാംസ്ഥാനത്തും കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴഞ്ഞ മാമ്മൂടന്‍ മൂന്നാംസ്ഥാനത്തും പറവൂര്‍ ഒരുമ ബോട്ട് ക്ലബ് തുഴഞ്ഞ പടക്കുതിര നമ്പര്‍ 1 നാലാംസ്ഥാനത്തുമെത്തി. കരുമാടി സീനിയല്‍ എല്ലോറ തുഴഞ്ഞ ഡായി നമ്പര്‍ 1 അഞ്ചാം സ്ഥാനത്തെത്തി.
ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തില്‍ എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ് തുഴഞ്ഞ ടോംസണ്‍ ജോസഫ് ക്യാപ്റ്റനായ തുരുത്തിപ്പുറം ഒന്നാംസ്ഥാനത്തെത്തി. നടുവില്‍ക്കര ബ്രദേഴ്‌സ് ക്ലബ് തുഴഞ്ഞ സെന്റ് സെബാസ്റ്റ്യന്‍ രണ്ടാം സ്ഥാനവും ചേപ്പനം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീ ഗുരുവായൂരപ്പന്‍ മൂന്നാംസ്ഥാനവും എരൂര്‍ അന്തിമഹാകാളന്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചെറിയ പണ്ഡിതന്‍ നാലാംസ്ഥാനവും നേടി.
ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ കുമരകം സമുദ്ര ബോട്ട് ക്ലബ് തുഴഞ്ഞ അഭിലാഷ് രാജ് ക്യാപ്റ്റനായ കോടിമത ഒന്നാംസ്ഥാനം നേടി. കാക്കത്തുരുത്ത് യുവജനവേദി ബോട്ട് ക്ലബ് തുഴഞ്ഞ ചേലങ്ങാടന്‍ രണ്ടാംസ്ഥാനത്തെത്തി. കുമ്മനം ബോട്ട് ക്ലബ് തുഴഞ്ഞ വേങ്ങല്‍പുത്തന്‍ വീടന്‍ മൂന്നാംസ്ഥാനം നേടി.
വനിതകള്‍ തുഴഞ്ഞ തെക്കനോടി കെട്ടുവള്ളങ്ങളുടെ ഫൈനലില്‍ പുന്നമട ഫ്രണ്ട്‌സ് വനിത ബോട്ട് ക്ലബിന്റെ ജനിത ഷാജി ക്യാപ്റ്റനായ കമ്പിനി ഒന്നാംസ്ഥാനം നേടി. ആയാപറമ്പ് ആദിത്യ കുടുംബശ്രീ തുഴഞ്ഞ ലീല ക്യാപ്റ്റനായ കാട്ടില്‍തെക്ക് രണ്ടാംസ്ഥാനത്തെത്തി.
വനിതകളുടെ തെക്കനോടി തറവള്ളങ്ങളുടെ മത്സരത്തില്‍ ആലപ്പുഴ അവലൂക്കുന്ന് സംഗീത ബോട്ട് ക്ലബ് തുഴഞ്ഞ ആറാത്തുംപള്ളി സുനി ക്യാപ്റ്റനായ കാട്ടില്‍ തെക്കേതില്‍ ഒന്നാം സ്ഥാനവും ആയാപറമ്പ് ഗ്രാമജ്യോതി കുടുംബശ്രീ തുഴഞ്ഞ ശകുന്തള ക്യാപ്റ്റനായ സാരഥി രണ്ടാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."