ബാലനീതി നിയമം: 200 സ്ഥാപനങ്ങള്‍ അടക്കാന്‍ അപേക്ഷ നല്‍കി
കോഴിക്കോട്: ബാലനീതി നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത 114 അനാഥശാലകള്‍ പൂട്ടി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ഓര്‍ഫനേജ് ബോര്‍ഡിന്റെ രണ്ടു അദാലത്തിലായാണ് 114 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനമായത്. ഓര്‍ഫനേജ് നിയന്ത്രണ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളാണ് ഇവ എല്ലാം. 200 സ്ഥാപനങ്ങളാണ് പുതിയ ബാലനീതിനിയമ പ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. തുടര്‍ അദാലത്തില്‍ സ്വീകരിക്കേണ്ട സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കും. സംസ്ഥാനത്ത് 1960 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന പലപ്രമുഖ സ്ഥാപനങ്ങളും പൂട്ടിയ വിഭാഗത്തില്‍പെടും.
കോഴിക്കോട്ട് ഫാറൂഖ് കോളജിലുള്ള എം.ഇ.എസ് ഓര്‍ഫനേജ്, ദയാപുരം അന്‍സാരി ഓര്‍ഫനേജ് തുടങ്ങിയ അഞ്ചു അനാഥശാലകളാണ് പൂട്ടിയത്. മലപ്പുറത്ത് മുണ്ടക്കുളം ജലാലിയ്യ ഓര്‍ഫനേജ്, വളവന്നൂര്‍ കടുങ്ങാത്ത്ക്കുണ്ട് ദാറുല്‍ അന്‍സാര്‍ പുവര്‍ ഹോം തുടങ്ങിയ സ്ഥാപനങ്ങളും പൂട്ടി. തിരുവനന്തപുരം ഒന്ന്, പത്തനംതിട്ട മൂന്ന്, അലപ്പുഴ ഒന്ന്, കോട്ടയം ഏഴ്, കണ്ണൂര്‍ മൂന്ന്, കാസര്‍കോട് ഒന്ന് എന്ന നിലയില്‍ ജില്ലകള്‍ തോറും സ്ഥാപനങ്ങള്‍ അടച്ചു തുടങ്ങിയിട്ടുണ്ട്.
അനാഥ വിദ്യാര്‍ഥികളെ രക്ഷിതാക്കളോടൊപ്പം അയക്കുകയോ ബാലനീതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുകയോ ചെയ്യണമെന്നാണ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദേശം. ജെ.ജെ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കുറവായതിനാലും കുട്ടികളെ ഏറ്റെടുക്കാന്‍ ഈ സ്ഥാപനങ്ങള്‍ തയാറാവാത്തതിനാലും മിക്ക സ്ഥാപനങ്ങളും കുട്ടികളെ രക്ഷിതാക്കളൊടൊപ്പം തരിച്ചയച്ചിരിക്കുകയാണ്.
നേരത്തെ സര്‍ക്കാര്‍ എല്ലാ സ്ഥാപനങ്ങളും പുതിയ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിറക്കിയിരുന്നെങ്കിലും കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആ സ്റ്റേയുടെ കാലാവധി ഈ മാസം ഏഴിന് അവസാനിക്കും. ഒന്നുകില്‍ സ്ഥാപനം പുതിയ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ പൂട്ടുകയോ വേണം. ഇതുരണ്ടും ചെയ്യാതിരുന്നാല്‍ കഠിന തടവ് ഉള്‍പ്പെടെയുള്ള ശിക്ഷയെ നേരിടേണ്ടിവരും.
മിക്ക അനാഥശാലകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയിലുള്ള നിര്‍ദേശങ്ങളാണ് പുതിയ നിയമത്തിലുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തണമെന്ന് പറയുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ജോലിക്കാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും സ്ഥാപനങ്ങള്‍ക്ക് പിന്തുടരാനാവില്ല. ഇതു മാറ്റണമെന്നാവശ്യപ്പെട്ടു വ്യത്യസ്ത മത സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. എന്നാല്‍ ഗവണ്‍മെന്റ് പുതിയ റൂള്‍സ് ഇറക്കിയ സാഹചര്യത്തില്‍ ചില സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."