ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനു തുടക്കം
ടോകിയോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഥമ തെക്കുകിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനത്തിനു തുടക്കം. 12 ദിവസം നീണ്ടുനില്‍ക്കുന്ന പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് ഭാര്യ മെലാനിയയ്‌ക്കൊപ്പം ജപ്പാനിലെത്തി.
ഉ. കൊറിയയുടെ നിരന്തര ആണവ- മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ സവിശേഷ പ്രാധാന്യമുള്ളതാണ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം. ജപ്പാനു പുറമെ ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും ട്രംപ് പര്യടനം നടത്തുന്നുണ്ട്. ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കുന്ന കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലും ട്രംപ് സംബന്ധിക്കും.
ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇത്രയും ദൈര്‍ഘ്യമേറിയ വിദേശപര്യടനം നടത്തുന്നത്. ഇതിനുമുന്‍പ് സീനിയര്‍ ബുഷ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് 1992ല്‍ നടത്തിയതാണ് ഏറ്റവും വലിയ വിദേശ യാത്ര. പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷം ട്രംപ് തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്.
മധ്യ പസഫിക്കിലുള്ള അമേരിക്കയുടെ ദ്വീപ് സംസ്ഥാനമായ ഹവായിയില്‍നിന്നാണ് ട്രംപ് ഏഷ്യന്‍ യാത്രയ്ക്കു പുറപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണക്കായി അമേരിക്ക നിര്‍മിച്ച യു.എസ്.എസ് അരിസോണ സ്മാരകത്തില്‍ ട്രംപും മെലാനിയയും പുഷ്പാര്‍ച്ചന നടത്തി.
ഉ. കൊറിയക്കെതിരേ ശക്തമായ പ്രതിരോധം ഏര്‍പ്പെടുത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഇക്കാര്യത്തില്‍ ജപ്പാന്‍, ദ. കൊറിയ, ചൈന തുടങ്ങിയ രാഷ്ട്രത്തലവന്മാരുമായി അദ്ദേഹം സംസാരിക്കും. കഴിഞ്ഞ ദിവസം ദ. കൊറിയയില്‍ യു.എസ് ബോംബര്‍ വിമാനങ്ങള്‍ പരിശീലനം നടത്തിയത് ഉ. കൊറിയയെ പ്രകോപിപ്പിച്ചിരുന്നു. ഇന്ന് ജാപ്പനീസ് പ്രസിഡന്റ് ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് ജപ്പാനിലെ സംയുക്ത വ്യോമസേനാ താവളമായ യൊക്കോട്ടയില്‍ യു.എസ്- ജാപ്പനീസ് സൈനികരെ അഭിസംബോധന ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."