HOME
DETAILS

അഴിമതിക്കെതിരേ വീശുന്ന സഊദി പടവാള്‍

  
backup
November 06 2017 | 20:11 PM

editorial-corruption-hunt-in-saudi


അഴിമതിക്കും പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നതിനും തടയിടാന്‍ സഊദി അറേബ്യന്‍ ഭരണകൂടം സ്വീകരിച്ച കടുത്ത നടപടി ലോകത്തെങ്ങും ചര്‍ച്ചയാവുകയാണ്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവുപ്രകാരം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ സുപ്രിം കമ്മിഷന്‍ നിലവില്‍ വന്നതായി പ്രഖ്യാപനമുണ്ടായതിന്റെ തൊട്ടുപിറകെ അഴിമതിയുടെ പേരില്‍ സുരക്ഷാസേന അറസ്റ്റ് ചെയ്ത് ജയിലിലടച്ചതു 11 രാജകുടുംബാംഗങ്ങളടക്കം ഭരണകൂടത്തിലെ 50 പ്രമുഖരെയാണ്.


മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കളായ സഊദി നാഷനല്‍ ഗാര്‍ഡ് മന്ത്രി മിതെബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍, റിയാദ് ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരന്‍ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടും. രാജകുടുംബാംഗങ്ങളടക്കം അറസ്റ്റിലായ മറ്റുള്ളവരും സഊദി ഭരണകൂടത്തില്‍ സുപ്രധാനപദവികള്‍ വഹിച്ചവരാണ്. അഴിമതി നടത്തിയതായി കണ്ടെത്തിയ ഉടനെത്തന്നെ ഇവരെ തല്‍സ്ഥാനങ്ങളില്‍നിന്നു നീക്കുകയും അറസ്റ്റ് ചെയ്തു തടവിലാക്കുകയുമായിരുന്നു.


അഴിമതിക്കെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ടാണു സഊദി സര്‍ക്കാര്‍ അഴിമതിവിരുദ്ധ സുപ്രിം കമ്മിഷനു രൂപം നല്‍കിയത്. അഴിമതി ഇല്ലായ്മചെയ്യാനുള്ള പൂര്‍ണാധികാരം കമ്മിഷനുണ്ട്. ഏതുതരം അഴിമതിക്കേസും അന്വേഷിക്കാനും ആരെയും അറസ്റ്റ് ചെയ്യാനും യാത്രാവിലക്ക് ഏര്‍പ്പെടുത്താനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഫണ്ട് വിനിയോഗം, സ്വകാര്യ ആസ്തി എന്നിവ നിരീക്ഷിക്കാനും കമ്മിഷന് അധികാരമുണ്ട്. കമ്മിഷന്‍ രൂപീകരണത്തോടൊപ്പം കര്‍ശനമായ ഭീകരവാദ വിരുദ്ധ, ഹവാല വിരുദ്ധനിയമങ്ങളും അവിടെ നിലവില്‍ വന്നിട്ടുണ്ട്.


അഴിമതിക്കെതിരേ മുഖം നോക്കാതെ നടപടിയെന്നൊക്കെ ലോകത്തെ ഒട്ടുമിക്ക ഭരണാധികാരികളും പറയാറുണ്ടെങ്കിലും പറഞ്ഞതു പ്രാവര്‍ത്തികമാക്കാറില്ല. ഇവിടെ അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയിരിക്കുകാണു സഊദി സര്‍ക്കാര്‍. ഭരിക്കുന്ന കുടുംബത്തിലെ പ്രധാനപ്പെട്ട അംഗങ്ങളടക്കം ഭരണകൂടത്തിലെ ഒരുകൂട്ടം പ്രമുഖര്‍ പ്രാഥമികാന്വേഷണത്തില്‍ കുറ്റം ചെയ്തതായി ബോധ്യം വന്നയുടന്‍ നടപടി സ്വീകരിക്കണമെങ്കില്‍ ഭരണകൂടത്തിന് അസാധാരണമായ ഇച്ഛാശക്തി തന്നെ വേണം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍പോലും നടപ്പുള്ളതോ ഭരണാധികാരികളില്‍ നിന്നു പ്രതീക്ഷിക്കാവുന്നതോ ആയ കാര്യമല്ല അത്. അധികാരസ്ഥാനങ്ങളിലിരുന്നു രാജ്യത്തിന്റെ സമ്പത്തു കൊള്ളയടിക്കുന്നവര്‍ ആരായാലും അവരെ വെറുതെ വിടാന്‍ പാടില്ലെന്ന ശക്തമായ സന്ദേശമാണ് ഈ നടപടികളിലൂടെ സഊദി ഭരണകൂടം ലോകത്തിനു നല്‍കുന്നത്.


ഭീകരതയ്ക്കും മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുംസഊദി ഭരണകൂടം ഏര്‍പെടുത്തിയിരിക്കുന്ന ശിക്ഷാവ്യവസ്ഥകള്‍ കടുത്തതാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റെ ഏറ്റക്കുറച്ചിലനുസരിച്ചു 30 വര്‍ഷംവരെയാണു ശിക്ഷ. ഹവാല ഇടപാടുപോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു 15 വര്‍ഷംവരെ തടവും 70 ലക്ഷം സഊദി റിയാല്‍ വരെ പിഴയുമാണു വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വിദേശികളാണെങ്കില്‍ ശിക്ഷാ കാലയളവിനുശേഷം തിരിച്ചുവരവു സാധ്യമല്ലാത്ത വിധം നാടുകടത്തുകയും ചെയ്യും. നിയമനടപടികള്‍ക്കു കുറ്റമറ്റ സംവിധാനങ്ങളുള്ള രാജ്യമായതിനാല്‍ കുറ്റവാളികള്‍ക്ക് അവിടെ ശിക്ഷ വെള്ളം ചേര്‍ക്കപ്പെടാതെ ലഭിക്കും.


എത്ര സമ്പന്നമായ സമൂഹത്തിന്റെയും പുരോഗതിയിലേയ്ക്കുള്ള കുതിപ്പിനെ പുറകോട്ടടിപ്പിക്കാന്‍ പോന്ന തിന്മകളാണു ഭരണതലത്തിലെ അഴിമതിയും ഭീകരതയും സാമ്പത്തിക കുറ്റകൃത്യങ്ങളും. ഇതെല്ലാം സഊദിയെയും ബാധിക്കുന്നുണ്ടെന്നാണു കുറച്ചുകാലമായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അതിനൊക്കെ തടയിട്ടു രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ശക്തവും അതേസമയം സാഹസികവുമായൊരു കാല്‍വയ്പാണു സഊദി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.


ജനതയുടെ സമ്പത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ ഉത്തരവാദിത്വവും ചുമതലാബോധവുമുള്ള ഏതൊരു ഭരണകൂടവും നിര്‍വഹിക്കേണ്ട ചുമതലയാണിത്. ആ ചുമതല നിറവേറ്റാന്‍ നമ്മള്‍ കണ്ടും കേട്ടും ശീലിച്ച ജനാധിപത്യ ഭരണസംവിധാനങ്ങള്‍ തന്നെ വേണമെന്ന നിര്‍ബന്ധമൊന്നുമില്ലെന്നാണു സഊദി ഭരണകൂടം കാണിച്ചുതരുന്നത്. പുരോഗതി കാംക്ഷിക്കുന്ന ഏതൊരു ഭരണകൂടത്തിനും മാതൃകയാക്കാവുന്നതും അഭിന്ദനാര്‍ഹവുമായ നടപടിയാണിത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago