ഹാദിയയെ രേഖ ശര്‍മ സന്ദര്‍ശിച്ചത് അങ്കലാപ്പുമൂലമെന്ന് ജോസഫൈന്
കൊച്ചി: ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിച്ചത് ഹാദിയ സുപ്രിം കോടതിയില്‍ എന്ത് പറയുമെന്ന അങ്കലാപ്പുമൂലമാണെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്.
ഹാദിയ വിഷയം മൂന്ന് മാസത്തോളമായി ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടും ആരും സന്ദര്‍ശിക്കാനെത്തിയിരുന്നില്ല. ഹാദിയയെ കാണുന്നതിന് മുന്‍പ് കീഴ്വഴക്കമനുസരിച്ച് സംസ്ഥാന കമ്മിഷന്റെ അഭിപ്രായം തേടുകയോ റിപ്പോര്‍ട്ട് തേടുകയോ ചെയ്തിരുന്നില്ല. വീട്ടില്‍ പോയി കുശലം പറഞ്ഞതുകൊണ്ട് കാര്യമായില്ല.
അവകാശ സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പുറത്തുവന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വനിതാ കമ്മിഷന് വിഷയത്തില്‍ ഇടപെട്ടത്.
വിവാദം ഉയര്‍ന്നപ്പോള്‍ കമ്മിഷന് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന് എന്ത് നിലപാട് സ്വീകരിക്കണമെന്ന് എ.ജിയോട് നിയമോപദേശം തേടിയത്. അതനുസരിച്ചാണ് ഹാദിയയുടെ കേസില്‍ കക്ഷി ചേര്‍ന്നത്.
കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ തന്നെ ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ അഞ്ച് ദിവസം കൂടുമ്പോഴും അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. സംരക്ഷണ ചുമതലയുള്ള വനിതാ പൊലിസുകാരുടെ അഭിപ്രായം ആരായണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജോസഫൈന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."