പള്ളിക്കര റെയില്‍വേ ഗേറ്റ് ഇന്ന് അടച്ചിടും
നീലേശ്വരം: ദേശീയപാതയില്‍ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിലെ അറ്റകുറ്റപ്പണി വാഹന തിരക്കുള്ള പകല്‍ നേരത്തു പാടില്ലെന്ന യാത്രക്കാരുടെയും മോട്ടോര്‍ തൊഴിലാളികളുടെയും മുറവിളി അവഗണിച്ച് അറ്റകുറ്റപ്പണിക്കായി ഇന്നു രാവിലെ 10 മുതല്‍ വൈകിട്ടു മൂന്നു വരെ ഗേറ്റ് അടച്ചിടും.
ഒരു ദിശയില്‍ വാഹനം കടത്തി വിടുമെന്ന് അറിയിപ്പില്‍ പറയുന്നുണ്ടെങ്കിലും പകല്‍ സമയം അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി ഗേറ്റ് അടച്ചിടുന്നതു ദേശീയപാത വഴി യാത്ര ചെയ്യുന്നവരെ വലയ്ക്കുമെന്നുറപ്പ്. ഞായറാഴ്ചയായതിനാല്‍ വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങളും ഗേറ്റില്‍ കുടുങ്ങും.
യാത്രാവണ്ടികളും ചരക്കു വണ്ടികളും കടന്നു പോകാന്‍ പകല്‍നേരം ഊഴമിട്ട് അടച്ചിടുന്ന ഗേറ്റില്‍ തിരക്കേറിയ ദിവസങ്ങളില്‍ ഒഴിയാത്ത വാഹനനിര പതിവാണ്. പള്ളിക്കര റെയില്‍വേ ഗേറ്റില്‍ അടുത്ത കാലത്തായി നടന്ന അറ്റകുറ്റപ്പണികള്‍ എല്ലാം പകല്‍നേരത്താണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ രാപ്പകല്‍ നേരവും പകല്‍ നേരം മാത്രവും അടച്ചിട്ട അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്.
അറ്റകുറ്റപ്പണി രാത്രി നടത്തിയാല്‍ യാത്രാക്കുരുക്ക് അല്‍പം കുറയുമെന്നു മോട്ടോര്‍ തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഇടപെടണമെന്നു യാത്രക്കാരും മോട്ടോര്‍ തൊഴിലാളികളും ജനപ്രതിനിധികളോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.
മുംബൈ മുതല്‍ കൊച്ചി വരെയുള്ള ദേശീയപാതയില്‍ റെയില്‍വേ ഗേറ്റ് അവശേഷിക്കുന്ന ഏക സ്ഥലമാണ് നീലേശ്വരം പള്ളിക്കര. ഇവിടെ മേല്‍പാലം നിര്‍മാണത്തിനായി ടെന്‍ഡര്‍ നടപടിയായിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."