അതിക്രൂരം ഈ പീഡനം
ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരേര്‍പ്പാടുണ്ട്. അതാണ് ഇന്നു കേരളത്തില്‍ കാണുന്നത്. മൂല്യശോഷണം എല്ലാ രംഗത്തും കൊടികുത്തി വാഴുകയാണ്. രാഷ്ട്രീയ രംഗത്താണ് ഏറ്റവും കൂടുതല്‍ എന്നൊന്നും പറയുന്നില്ല. കാരണം, മറ്റെല്ലാ രംഗങ്ങളും ഒന്നിനൊന്നു മുന്‍പിലാണ്.
കേരളരാഷ്ട്രീയത്തിലെ മൂല്യമുള്ള നേതാക്കള്‍ ഒരുപക്ഷേ വിരലിലെണ്ണാവുന്നവരേ കാണൂ. ആ പട്ടികയില്‍ വരുന്ന പേരാണ് ഉമ്മന്‍ചാണ്ടിയുടേതെന്നു കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം നോക്കിക്കാണുന്നവര്‍ക്കു ബോധ്യമാവും. അദ്ദേഹമുള്‍പ്പെടെ കുറേ കൊള്ളാവുന്ന നേതാക്കളെയാണു കൊള്ളരുതാത്തവരാക്കി മാറ്റാന്‍ ശ്രമം നടക്കുന്നത്. ഒരാളെ നശിപ്പിക്കാന്‍ ഏറ്റവും നല്ല ആയുധം പെണ്ണാണ്. അതറിയുന്നവര്‍ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തി. സോളാര്‍ വില്‍ക്കാന്‍ നടന്ന സരിതയെ കൂട്ടിനു കിട്ടി. സരിത അരങ്ങുതകര്‍ത്ത് അണിയറക്കാര്‍ പറഞ്ഞതിനേക്കാള്‍ ആവേശത്തില്‍ ആടി, പാടി (സാമൂഹ്യമാധ്യമങ്ങളില്‍ ഇവരുടെ നൃത്തവും ഇടയ്ക്ക് ഇടം പിടിച്ചിരുന്നു).
മാന്യന്മാരുടെ മുഖംമൂടി പിച്ചിച്ചീന്താന്‍ പെണ്ണൊരുമ്പെട്ടാല്‍ പ്രയാസമില്ലെന്ന് ഒരിക്കലൂടെ കേരളം കാണുകയാണ്. ആരോപണമുന്നയിക്കുന്ന സ്ത്രീയുടെ വിശ്വാസ്യത എല്ലാവര്‍ക്കുമറിയാം. എന്നിട്ടും നമ്മുടെ പത്രങ്ങളും ചാനലുകളും സരിതാമയമായി മാറുന്നു. സദാചാരമെന്തെന്നറിയാത്ത ഒരു സ്ത്രീയെ പീഡനത്തിലെ അല്ല, കൂട്ടമാനഭംഗത്തിലെ ഇരയെപ്പോലെ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ നടത്തുന്നതും ക്രൂരമായ പീഡനം തന്നെ. മുപ്പത്തിരണ്ടു കേസുകളിലെ പ്രതിയാണ് അണിഞ്ഞൊരുങ്ങി സോളാര്‍ ചൂടാക്കാന്‍ നടക്കുന്നതെന്നെങ്കിലും ഓര്‍ക്കാതെ പോകുന്നത് കഷ്ടമാണ്.
സോളാര്‍ വിഷയത്തില്‍ കമ്മിഷനെ വച്ചതു യു.ഡി.എഫാണ്. അതു നല്ല ഉദ്ദേശത്തില്‍ ചെയ്തതുമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താല്‍പ്പര്യമെടുത്താണ് ഈ വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നാഗ്രഹിച്ചു കമ്മീഷനെ വച്ചത്. സരിതയുടെ കാപട്യം തിരിച്ചറിയാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയാതെ പോയി. സന്ദര്‍ശിച്ചതിനും ഫോണ്‍ ചെയ്തതിനുമൊക്കെ തെളിവുകളുണ്ടാക്കി. ഒരു മുഖ്യമന്ത്രിക്കല്ല, ഒരു പൊതുപ്രവര്‍ത്തകനുപോലും സന്ദര്‍ശകരെ ഒഴിവാക്കാനാവില്ല, ഫോണ്‍വിളി ഒഴിവാക്കാനാവില്ല,ഫോട്ടോ ഒഴിവാക്കാനാവില്ല.
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ പത്തുകോടി രൂപ പ്രതിഫലം നല്‍കാമെന്നു വാഗ്ദാനമുണ്ടായിരുന്നതായി സരിത പറഞ്ഞിരുന്നു. ഈ ആരോപണം ഗൗരവമുള്ളതായിട്ടുപോലും അന്വേഷണ കമ്മിഷന്‍ അന്വേഷിച്ചില്ല.ഇതു സംബന്ധിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു വളരെ മുമ്പുതന്നെ നല്ല മുഹൂര്‍ത്തത്തില്‍ (ഒക്ടോബര്‍ 11 നു വേങ്ങര പോളിങ് ദിവസം) മുഖ്യമന്ത്രി പിണറായി റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചു പത്രസമ്മേളനം നടത്തി. അന്വേഷണസംഘത്തെ നിശ്ചയിച്ചു. പിന്നീട് അതില്‍നിന്നു പിന്മാറി. നിയമോപദേശം തേടി. അതുകഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് ഉത്തരവിറക്കാന്‍ കഴിഞ്ഞത്.
കമ്മിഷന്റെ റിപ്പോര്‍ട്ട് പരക്കെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. സരിതയുടെ മൊഴിയും കത്തും അതേപടി പകര്‍ത്തിയതായിപ്പോയി ഈ റിപ്പോര്‍ട്ടെന്നതു ദൗര്‍ഭാഗ്യകരമാണ്. റിപ്പോര്‍ട്ടിന്റെ ഒരു വാള്യത്തില്‍ കമ്മിഷന്റെ ഒപ്പും സീലുമില്ല, ഇതു സംശയാസ്പദമാണ്. മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചതു തെളിവെടുപ്പില്‍ കണ്ടെത്തിയ കാര്യങ്ങളോ അന്വേഷണത്തില്‍ പുറത്തുവന്ന വസ്തുതകളോ അല്ല. സരിതയുടെ കത്തില്‍ പറഞ്ഞ കാര്യങ്ങളാണ്.
കത്ത് 21 പേജായിരുന്നുവെന്നും പിന്നീടാണ് അത് 25 പേജായി മാറിയതെന്നും ആക്ഷേപമുണ്ട്. ഉമ്മന്‍ചാണ്ടിക്കും മറ്റു മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലല്ല, സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.
സരിതയ്ക്കു തോന്നിയ പേരും ആരോപണങ്ങളും അതേപടി റിപ്പോര്‍ട്ടില്‍ വന്നെങ്കില്‍ വേറെ തെളിവുകള്‍ ഒന്നും കമ്മിഷനു ലഭിച്ചില്ലെന്നു വ്യക്തമാണ്.അച്ഛനെപ്പോലെയാണെന്നു സരിത പലതവണ പറഞ്ഞ ഉമ്മന്‍ചാണ്ടിക്കെതിരേ ഇത്ര ഹീനമായ ആരോപണമുന്നയിക്കാന്‍ എന്താവും കാരണം. സര്‍ക്കാരിന്റെയും രാഷ്ട്രീയശത്രുക്കളുടെയും പ്രേരണ മാത്രമാവുമോ. അതോ സരിത നായര്‍ക്ക് അച്ഛനെപ്പോലെ കണ്ട ആളോട് എന്തെങ്കിലും വ്യക്തിവൈരാഗ്യമുണ്ടാകുമോ.
ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചതാണ്. കൊല്ലത്തെ പ്രമുഖ കുടുംബാംഗമായിരുന്നു ബിജുവിന്റെ ആദ്യ ഭാര്യ രശ്മി. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് അവര്‍ ബിജുവിന്റെ ഭാര്യയായത്. രണ്ടു കുട്ടികളുമായി. ബിജു സരിതാബന്ധം രശ്മിക്കു സഹിക്കാവുന്നതിന്റെ അപ്പുറമായിരുന്നു.
അവരെ ഒതുക്കാന്‍ ബിജുവും സരിതയും തീരുമാനിച്ചു. കുളിമുറിയില്‍ രശ്മിയുടെ മൃതദേഹം കണ്ടു. ആത്മഹത്യയെന്ന് ഇടതു പൊലിസ് വിധിയെഴുതി. ആഭ്യന്തരമന്ത്രി കോടിയേരിയെ രശ്മിയുടെ അച്ഛന്‍ പലതവണ കണ്ടു സങ്കടം പറയുകയും നിവേദനം നല്‍കുകയുമുണ്ടായി. ഒരു ഫലവുമുണ്ടായില്ല. ഒരു പിതാവിന്റെ ഗദ്ഗദം ഇടതുസര്‍ക്കാര്‍ കേട്ടില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രശ്മിയുടെ അച്ഛന്‍ വീണ്ടും മുഖ്യമന്ത്രിയെ കാണാനെത്തുന്നു. പൊടിപിടിച്ച ഫയല്‍ തട്ടിയെടുത്ത് അന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടി ഉത്തരവിടുന്നു. ക്രൈംബ്രാഞ്ചിനെ അന്വേഷണമേല്‍പ്പിച്ചു. ബിജുവും അമ്മയും സരിതയും പൊലിസ് കസ്റ്റഡിയില്‍ ആഴ്ചകളോളം കഴിഞ്ഞു. രശ്മിയെ ബലം പ്രയോഗിച്ചു ചാരായം കുടിപ്പിച്ചു തലയണ മുഖത്തമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നുവെന്നു പൊലിസ് കണ്ടെത്തി.
കൊലപാതകത്തില്‍ നേരിട്ടു ബന്ധപ്പെടില്ലെന്ന പേരില്‍ നൂലിഴയ്ക്കു സരിത കേസില്‍നിന്നു രക്ഷപ്പെട്ടു. സ്വാഭാവികമായും അച്ഛനെപ്പോലെ കണ്ട ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി ഇത്ര നിഷ്പക്ഷമായി അന്വേഷണം നടത്തിക്കുമെന്നും പൊലിസ് കസ്റ്റഡിയില്‍ കഴിയേണ്ടി വരുമെന്നും സരിത കരുതിയില്ല. ഇതൊരു പകയായി സരിതയുടെ സോളാറില്‍ കിടന്നു ചൂടുപിടിച്ചു. വായില്‍ തോന്നിയതു കോതയ്ക്കു പാട്ടെന്നു പറഞ്ഞപോലെ സരിത ഉറഞ്ഞുതുള്ളി.
സരിതയ്ക്കു ഗണേഷ്‌കുമാറുമായുള്ള വഴിവിട്ട ബന്ധം സുദൃഢമായതോടെ ബിജുവുമായി സരിത അകന്നു. ഈ ബന്ധം തെളിവുസഹിതം ഗണേശിന്റെ ഭാര്യ യാമിനിക്ക് എത്തിച്ചത് ബിജുവായിരുന്നുവത്രെ. തുടര്‍ന്നുണ്ടായ പൊട്ടലും ചീറ്റലും മലയാളനാട് കണ്ടത്. എത്ര ക്രൂരമായിപ്പോയി, കഷ്ടം. സരിത സോളാറായിരുന്നോ അതോ മറ്റു വല്ലതുമായിരുന്നോ ബിസിനസ ് ചെയ്തതെന്നു ചോദിക്കാത്തതു സംസ്‌കാരമില്ലാത്ത ഭാഷയായിപ്പോകുമെന്നതുകൊണ്ടാണ്. ചിലരൊക്കെ സരിതയുടെ പീഡനത്തില്‍നിന്നു ബുദ്ധിപൂര്‍വം രക്ഷപ്പെട്ടുവെന്നതാണു സത്യം. വേറെ ചിലര്‍ മഹാഭാഗ്യം കൊണ്ടും ദൈവാധീനംകൊണ്ടും രക്ഷപ്പെട്ടു.
2013 ഓഗസ്റ്റ് ലക്കം കലാകൗമുദിയില്‍ പി.സി.ജോര്‍ജിന്റെ ഒരു അഭിമുഖമുണ്ട്. കെ.എസ് ശരത്‌ലാല്‍ നടത്തിയ അഭിമുഖത്തില്‍ ജോര്‍ജ് പറയുന്നുണ്ടിക്കാര്യം: 'സരിതയെ തേന്‍കെണിയാക്കി ഗണേഷ്‌കുമാര്‍ വീട്ടിലേക്കയച്ചു ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. ദൈവാധീനംകൊണ്ടാണു രക്ഷപ്പെട്ടത്.' പി.സി പതിവായി വിവാദമുണ്ടാക്കുന്ന ആളാണ്. സോളാര്‍ വിവാദത്തില്‍ ഭാഗ്യത്തിന് ഉള്‍പ്പെടാതെ പോയത് പി.സിയെപ്പോലുള്ള നേതാക്കള്‍ക്ക് ആശ്വസിക്കാം.ഇപ്പോള്‍ പുറത്തുവന്ന കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കൈക്കടത്തലുകളുണ്ടായോ എന്നൊന്നും പറയാനാവില്ല. ഈ റിപ്പോര്‍ട്ട് നിഷ്പക്ഷവും നീതിയുക്തവും യുക്തിഭദ്രവുമായില്ലെന്നു നീതിപീഠത്തോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു പറയാം. റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ നടന്നെന്നാണു പ്രതിപക്ഷ ആരോപണം.
ആഭ്യന്തരവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കമ്മിഷനെ സന്ദര്‍ശിച്ചിരുന്നുവെന്നതു ദുരൂഹമാണ്.അഴിമതിയാരോപണം പോലെയല്ല ലൈംഗികാരോപണമെന്ന് എല്ലാവരും മനസ്സിലാക്കുന്നതു നന്ന്. കുടുംബമെന്ന പവിത്രമായ സ്ഥാപനത്തില്‍ ഇത്തരം ആരോപണങ്ങളുണ്ടാക്കുന്ന പ്രയാസം ചെറുതല്ല. ഭാര്യയും മക്കളും അമ്മയും പെങ്ങളുമൊക്കെയുള്ളവര്‍ ഇതോര്‍ക്കണം. വീട്ടുകാര്‍ വിശ്വസിക്കില്ലായിരിക്കും.
എങ്കിലും ഇതു സമൂഹമധ്യത്തില്‍ അവര്‍ക്കുണ്ടാക്കുന്ന മാനഹാനി തിരിച്ചുകൊടുക്കാന്‍ നമുക്കാവില്ല.ഒന്നേ പറയാനുള്ളൂ, വളരെ ക്രൂരമായിപ്പോയി ഈ പീഡനം. സരിതാനായര്‍ ഇത്രയേറെ നേതാക്കളെയും ഉദ്യോഗസ്ഥരെയും പീഡിപ്പിച്ചിട്ടും അണിഞ്ഞൊരുങ്ങി നടക്കുന്നു. ആ ശരീരഭാഷ കണ്ടാല്‍ ഒരിക്കലും മറക്കില്ലെന്നു പറയുന്നവരും പറയാത്തവരുമൊക്കെ അവരെവച്ച് ആഘോഷിക്കുന്നു, കഷ്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."