വരുന്നു സെനഗല്‍; ഇറ്റലിയുടെ നില പരുങ്ങലില്‍
പ്രിട്ടോറിയ: 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെനഗല്‍ വീണ്ടും ലോകകപ്പ് പോരാട്ടത്തിന്. ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് സെനഗല്‍ അടുത്ത വര്‍ഷം റഷ്യയില്‍ അരങ്ങേറുന്ന ലോക പോരിന് ടിക്കറ്റുറപ്പിച്ചത്.
അതേസമയം നാല് തവണ ലോക ചാംപ്യന്മാരായ ഇറ്റലിയുടെ നില കൂടുതല്‍ പരിതാപകരമായി. ആദ്യ പാദ പ്ലേയോഫ് പോരാട്ടത്തില്‍ അസൂറിപ്പടയെ സ്വീഡന് മറുപടിയില്ലാത്ത ഒറ്റ ഗോളിന് അട്ടിമറിച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്. സ്വന്തം തട്ടകത്തില്‍ അരങ്ങേറുന്ന രണ്ടാം പാദത്തില്‍ രണ്ട് ഗോളിന്റെ ലീഡില്‍ വിജയിച്ചാല്‍ മാത്രം ഇറ്റലിക്ക് റഷ്യയിലേക്ക് പറക്കാം.
മറ്റൊരു പ്ലേയോഫ് പോരാട്ടത്തില്‍ പെറുവും ന്യൂസിലന്‍ഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അടുത്ത മത്സരം വിജയിക്കുന്ന ടീമിന് ലോകകപ്പ് യോഗ്യത ഉറപ്പാക്കാം. അടുത്ത മത്സരത്തില്‍ പെറു പരാജയപ്പെട്ടാല്‍ 1982ന് ശേഷം അവര്‍ ആദ്യമായി ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്താകും.
2002ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി അരങ്ങേറിയ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെ മുന്നേറി അത്ഭുതങ്ങള്‍ സൃഷ്ടിച്ച ടീമാണ് സെനഗല്‍. അന്ന് ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരെന്ന പെരുമയുമായി എത്തിയ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് അവര്‍ ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് നടന്ന മൂന്ന് ലോകകപ്പിലെ അവരുടെ അസാന്നിധ്യവും ചര്‍ച്ചയായി.
ദക്ഷിണാഫ്രിക്കക്കെതിരേ കളിയുടെ 12ാം മിനുട്ടില്‍ വെസ്റ്റ് ഹാം താരം ഡയഫ്ര സഖോയുടെ ഗോളില്‍ മുന്നിലെത്തിയ സെനഗലിന് രണ്ടാം ഗോള്‍ ദക്ഷിണാഫ്രിക്ക സെല്‍ഫ് രൂപത്തില്‍ ദാനമായും നല്കി. സഖോയും ലിവര്‍പൂള്‍ താരം സാദിയോ മനെയുമാണ് സെനഗല്‍ മുന്നേറ്റത്തിന്റെ സൂത്രധാരന്മാര്.
ആഫ്രിക്കയില്‍ നിന്ന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് സെനഗല്‍. നേരത്തെ നൈജീരിയ, ഈജിപ്ത് ടീമുകള്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. സെനഗലിനോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും പ്രതീക്ഷ ബാക്കിയുണ്ട്. അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ അവര്‍ക്ക് സീറ്റുറപ്പിക്കാം.
നാടകീയ രംഗങ്ങള്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഇറ്റലിയെ അട്ടിമറിച്ച് സ്വീഡന്. കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 61ാം മിനുട്ടില്‍ പകരക്കാരന് ജേകബ് ജോണ്സന് നേടിയ ഏക ഗോളിലാണ് സ്വീഡന് അട്ടിമറി വിജയം സ്വന്തമാക്കിയത്.
ജയത്തോടെ സ്വീഡന് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കിയപ്പോള്‍ ഇറ്റലിയുടെ നില പരുങ്ങലിലായി. രണ്ടാം പാദത്തില്‍ രണ്ട് ഗോളിന്റെ മുന്തൂക്കത്തിലെങ്കിലും വിജയം സ്വന്തമാക്കിയാലെ ഇനി അസൂറിപ്പടയ്ക്ക് സാധ്യതയുള്ളു. സ്വീഡന് ഒരു സമനില കൊണ്ട് ലോകകപ്പ് ബര്‍ത്ത് ഉറപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."