കേസ് കുരുക്കാകും; ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തില്ല
തിരുവനന്തപുരം: തോമസ് ചാണ്ടിക്ക് പകരക്കാരനായി മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് എത്താനിടയില്ല. ശശീന്ദ്രന്റെപേരില്‍ ചാനല്‍ പ്രവര്‍ത്തകയായിരുന്ന യുവതി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ കോടതി അനുവദിക്കാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് യുവതി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. അടുത്തിടെ ഇത്തരത്തിലുള്ള ചില കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സുപ്രിംകോടതിയും ഹൈക്കോടതികളും അനുവദിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ നിലപാടും നിര്‍ണായകമാകും. സംസ്ഥാന സര്‍ക്കാര്‍ ശശീന്ദ്രന് അനുകൂലമായ നിലപാടെടുത്താന്‍ അത് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തും. സര്‍ക്കാര്‍ അനുകൂലമായി നിലപാടെടുക്കുകയും കോടതി കേസ് അവസാനിപ്പിക്കാന്‍ തയാറാകാതിരിക്കുകയും ചെയ്താലും മന്ത്രിസഭക്കും മുന്നണിക്കും കളങ്കമാകും.
ഈ കടമ്പകളെല്ലാം മറികടന്നുവന്നാലും ശശീന്ദ്രനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും. ഹണിട്രാപ്പ് ആയിരുന്നെങ്കിലും മന്ത്രി യുവതിയോട് നടത്തുന്ന അശ്ലീല സംഭാഷണം ചാനല്‍ പുറത്തുവിടുകയും സാമൂഹ്യമാധ്യമങ്ങളിലടക്കം അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ചാനലിലെ മൂന്നുപേരെ സര്‍ക്കാര്‍ ഒരുമാസത്തോളം ജയിലിലടക്കുകയും ചെയ്തു. ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയത്തില്‍ പങ്കാളിയായ ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ പിണറായി തയാറാകില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."