ഗെയില്‍ സമരക്കാര്‍ പിന്നോട്ടില്ല; ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി എ.സി മൊയ്തീന്‍
മലപ്പുറം: ഗെയില്‍ വിഷയത്തില്‍ സമരക്കാര്‍ ഒരുക്കമാണെങ്കില്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍. ചര്‍ച്ചക്കിടയില്‍ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്നും സമവായത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. എന്നാല്‍ പൊലിസ് നടപടിയെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ല. വികസന വിരുദ്ധരായ ചിലയാളുകള്‍ അക്രമത്തിനിടയാക്കുന്ന സാഹചര്യമുണ്ടാക്കിയതാണ് പൊലിസ് നടപടിയിലേക്ക് നയിച്ചതെന്ന് എ.സി മൊയ്തീന്‍ പറഞ്ഞു
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ ഗെയില്‍വിരുദ്ധ സമരം തുടരുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു.
നിലവില്‍ പ്രവൃത്തി നടത്തുന്നതിനായി ഭൂമിക്കടിയില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന പൈപ്പുകള്‍ കാലപ്പഴക്കം ചെന്നതാണ്. ഇതിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിക്കണം. പൊലിസിന്റെ നരനായാട്ട് അന്വേഷിക്കുന്നതിനായി നിയമസഭാ സമിതി എരഞ്ഞിമാവ് ഉള്‍പ്പെടെയുള്ള സ്ഥലത്ത് സന്ദര്‍ശനം നടത്തണം.
പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ജനങ്ങളെ വഞ്ചിക്കലാണ്. ആധാര വിലയുടെ പത്തിരട്ടി എന്നത് മാറ്റി വിപണി വിലയുടെ നാലിരട്ടിയെങ്കിലും നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."