വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരെ എസ്.എഫ്.ഐ മര്‍ദനം
തൊട്ടില്‍പ്പാലം: മരുതോങ്കരയില്‍ ജീപ്പ് തടഞ്ഞു നിര്‍ത്തി വിദ്യാര്‍ഥിക്കള്‍ക്കും രക്ഷിതാക്കള്‍ക്കും നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനം.
ജിപ്പില്‍ സഞ്ചരിക്കുകയായിരുന്ന പേരാമ്പ്ര സ്വദേശികളായ പുന്നോളി മുസ്തഫ (44), ഭാര്യ സീനത്ത് (39), മകന് ഡാനിഷ് (17), സീനത്തിന്റെ സഹോദരിയുടെ മകള്‍ ദിയാന (16) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സാരമായ പരുക്കുകളോടെ ഇവരെ കുറ്റ്യാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഡാനിഷും, ദിയാനയും മരുതോങ്കര സെന്റ്മേരീസ് ഹയര്‍സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്കൂളില്‍ ഉണ്ടായ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷത്തെ തുടര്‍ന്ന് സ്കൂളിലെ യൂനിറ്റ് സെക്രട്ടറി കൂടിയായ ഡാനിഷിനെതിരേ ആക്രമണ ഭീഷണി നിലനിന്നിരുന്നു. ഇതിനാല്‍ ഭീഷണി കണക്കിലെടുത്ത് പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രക്ഷിതാക്കളെ സ്കൂളില്‍ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്കൊപ്പം പോവുകയായിരുന്ന ഡാനിഷിനെയും രക്ഷിതാക്കളെയും അവര്‍ സഞ്ചരിച്ച ജീപ്പ് മരുതോങ്കരയില്‍ തടഞ്ഞു നിര്‍ത്തുകയും റോഡിലേക്ക് വലിച്ചിറക്കി അക്രമിക്കുകയുമായിരുന്നു. അതേസമയം സ്കൂളില്‍ നിന്നും, മുള്ളന്‍കുന്നില്‍ നിന്നും ഇവര്‍ക്കെതിരേ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി.
സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ ഇതേ സ്കൂളിലെ ഏഴാം ക്ലാസിലെ രാംശ്രീ (14) എന്ന വിദ്യാര്‍ഥിക്കും പരുക്കേറ്റു. തലക്ക് പരുക്കേറ്റ രാംശ്രീയെയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് തങ്ങളെ ആക്രമിച്ച എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഡാനിഷിന്റെ കുടുംബം കുറ്റ്യാടി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."