ഹജ്ജ്: അപേക്ഷ ഇന്നു മുതല്‍ സ്വീകരിക്കും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018-ലെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭ്യമാണ്. തീര്‍ഥാടകര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് അറിയിച്ചു. വെബ്സൈറ്റില്‍നിന്ന് പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ചും അപേക്ഷ സമര്‍പ്പിക്കാം. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 70 വയസിന് മുകളിലുള്ളവര്‍ അപേക്ഷക്കൊപ്പം പാസ്പോര്‍ട്ടും സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാനുളള നടപടികള്‍ ഒരുക്കിയിട്ടുണ്ട്.
രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നിരക്കിന്റെ 10 ശതമാനം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അപേക്ഷിക്കുന്ന രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രാ നിരക്കിന്റെ 10ശതമാനം ഈടാക്കും. 2018 സെപ്റ്റംബര്‍ 30ന് രണ്ട് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കാണ് മാതാപിതാക്കളോടൊപ്പം അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. നിശ്ചിത തിയതിക്ക് മുന്‍പ് രണ്ട് വയസ് പൂര്‍ത്തിയായാല്‍ മുഴുവന്‍ തുകയും അടക്കണം. കഴിഞ്ഞ വര്‍ഷം 20 കുട്ടികളാണ് ഹജ്ജ് നിര്‍വഹിക്കാന്‍ പോയത്. 95 കുട്ടികള്‍ അപേക്ഷകരായി ഉണ്ടായിരുന്നു.
പ്രവാസികള്‍ക്ക് ഏപ്രില്‍ 15 വരെ പാസ്പോര്‍ട്ട് സമര്‍പ്പിക്കാം
കൊണ്ടോട്ടി: ഹജ്ജിന് അവസരം ലഭിക്കുന്ന വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2018 ഏപ്രില്‍ 15 വരെ അവസരം ലഭിക്കും. ഹജ്ജിന് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുന്നവര്‍ക്കാണ് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം ആവശ്യമാണെങ്കില്‍ പരിഗണിക്കുക. എന്നാല്‍, ഇവര്‍ ഇതിനുള്ള കാരണം വ്യക്തമാക്കി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രേഖകള്‍ സമര്‍പ്പിക്കണം. അപേക്ഷ, പാസ്പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,വര്‍ക്കിങ് - റസിഡന്‍സ് വിസയുടെ പകര്‍പ്പ്, ജോലി ചെയ്യുന്ന കമ്പനിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."