ഐ ലീഗ് പോരാട്ടങ്ങള്‍ക്ക് 25ന് കിക്കോഫ്
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് ഈ മാസം 25ന് കിക്കോഫ്. ഐസ്വാള്‍, ചെന്നൈ സിറ്റി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാള്‍, ഇന്ത്യന്‍ ആരോസ്, ഗോകുലം എഫ്.സി, മിനെര്‍വ പഞ്ചാബ്, മോഹന്‍ ബഗാന്, നെരോക്ക, ഷില്ലോങ് ലജോങ് എന്നിവയാണ് ടീമുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഐ ലീഗ് പോരാട്ടങ്ങള്‍ കേരളത്തിലേക്കെത്തുന്നു എന്ന സവിശേഷതയുമുണ്ട് ഇത്തവണ. കേരളത്തിന്റെ സ്വന്തം ടീം ഗോകുലം എഫ്.സി ഐ ലീഗ് യോഗ്യത നേടിയതോടെയാണ് കേരളത്തിലേക്ക് ടൂര്‍ണമെന്റിന്റെ മടങ്ങി വരവ്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയമാണ് ഗോകുലത്തിന്റെ ഹോം മൈതാനം. 25ന് നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ മിനെര്‍വ പഞ്ചാബ് എഫ്.സി മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും. ഗോകുലം എഫ്.സിക്ക് പുറമേ നെരോക്ക എഫ്.സിയാണ് പുതിയതായി എത്തിയ മറ്റൊരു ടീം.
ഈ മാസം 27നാണ് ഗോകുലത്തിന്റെ ഐ ലീഗ് അരങ്ങേറ്റം. അന്ന് നടക്കുന്ന എവേ പോരാട്ടത്തില്‍ ഗോകുലം ഷില്ലോങുമായി ഏറ്റുമുട്ടും. കോഴിക്കോട്ടെ ഗോകുലത്തിന്റെ ആദ്യ മത്സരം ഡിസംബര്‍ ആറിന് ചെന്നൈ സിറ്റിയുമായാണ്. അടുത്ത വര്‍ഷം ഫെബ്രുവരി വരെ മത്സരങ്ങള്‍ നീണ്ടുനില്ക്കുന്നുണ്ട്. ഈ മാസം 17 മുതല്‍ ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ അരങ്ങേറും. രണ്ട് ലീഗുകളും സമാന്തരമായി നീങ്ങുന്നതിനാല്‍ മികച്ച ഫുട്ബോള്‍ വിരുന്നാണ് ഇന്ത്യയിലെ കാല്പന്തുകളി പ്രേമികളെ കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."