പുലിപ്പേടിയില്‍ നീലഗിരി; ഊട്ടി നഗരത്തില്‍ പുലിയിറങ്ങി
അയ്യംകൊല്ലിയില്‍ ആടിനെ കൊന്നു
ഊട്ടിയില്‍ വളര്‍ത്തുനായയും ഇരയായി
ഗൂഡല്ലൂര്‍: വന്യമൃഗശല്ല്യം രൂക്ഷമായ നീലഗിരിയുടെ വിവിധ ഭാഗങ്ങളില്‍ പുലി നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. നാടിറങ്ങുന്ന പുലികള്‍ തേയിലത്തോട്ടങ്ങളിലും കുറ്റിക്കാടുകളിലും താവളമാക്കുന്നതാണ് നാട്ടുകാരെ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുത്തുന്നത്. ഊട്ടി നഗരത്തില്‍ പുലി ഇറങ്ങിയത് ജനത്തെ ഭീതിയിലാഴ്ത്തി.
പ്രദേശത്തെ ചന്ദ്രന്റെ വളര്‍ത്തു നായ പുലിക്കിരയാവുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഊട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ദുരൈസ്വാമിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി കൂട് സ്ഥാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഊട്ടി പോലൊരു പട്ടണത്തില്‍ പുലിയിറങ്ങിയത് ജനങ്ങള്‍ക്ക് ഭീതിയിരട്ടിപ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ദിവസേനെയെത്തുന്ന സ്ഥലമാണ് ഊട്ടി. അയ്യംകൊല്ലി വട്ടക്കടവില്‍ ആടിനെ പുലി പിടിച്ചു.
പ്രദേശത്തെ പുഷ്പയുടെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. വീട്ട് മുറ്റത്തെ കൂട്ടില്‍ നിന്നാണ് ആടിനെ പുലി ആക്രമിച്ചത്.
വിവരമറിഞ്ഞ് ബിദര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷന്‍, ഫോറസ്റ്റര്‍ രാമചന്ദ്രന്‍, ഡോ. പ്രഭു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ആഴ്ചയിലാണ് കുന്നൂര്‍ വണ്ടിശോലയില്‍ പുലിയും കുഞ്ഞും നാട്ടിലിറങ്ങിയത്. പുലിയെയും കുഞ്ഞിനെയും കൂടുവെച്ച് പിടിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പുലിയെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഇവിടെ. ശല്ല്യക്കാരായ മൃഗങ്ങളെ വനത്തിലേക്ക് തുരത്തിയോടിക്കണമെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് പ്രദേശത്തെ ജനങ്ങള്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."