ജില്ലാ കേരളോത്സവം സമാപിച്ചു; പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കിരീടം
പാലക്കാട്: ജില്ലാ പഞ്ചായത്തും ജില്ലാ യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് കുഴല്‍മന്ദത്ത് 11 മുതല്‍ നടത്തിയ ജില്ലാ കേരളോത്സവത്തില്‍ 210 പോയന്റോടെ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വിജയികളായി. 209 പോയന്റ് നേടിയ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്താണ് രണ്ടാമത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ സി.ആര്‍. രാജീവ് കലാപ്രതിഭയും രഞ്ജിതാ സി. ഗോപന്‍ കലാതിലകവുമായി.
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലെ രാഹുല്‍ മികച്ച പുരുഷ കായികതാരവും കെ. ദിവ്യ വനിതാ കായികതാരവുമായി തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടായി ചെമ്പൈ മൈതാനത്ത് നടന്ന സമാപന സമ്മേളനം പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ സാംസ്‌കാരിക-കായിക മുന്നേറ്റത്തിന് കേരളോത്സവം സഹായകമാവുമെന്നും യുവാക്കളുടെ സര്‍ഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ ആയിരം യുവകലാകാരന്മാര്‍ക്ക് പതിനായിരം രൂപ വീതം ഫെലോഷിപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തെ 'മാനവീയം വീഥി'യുടെ മാതൃകയില്‍ ഗ്രാമങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സാസ്‌കാരിക വകുപ്പ് വിവിധയിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്തും. എല്ലാ ജില്ലകളിലും 40 കോടി ചെലവില്‍ നവോത്ഥാന നായകരുടെ പേരില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കും.
പാലക്കാട് മെഡിക്കല്‍ കോളജിനോട് ചേര്‍ന്നോ മലമ്പുഴ ഉദ്യാനത്തിലോ ആയിരിക്കും ജില്ലയിലെ സംസ്‌കാരിക കേന്ദ്രം നിര്‍മിക്കുക. വരും വര്‍ഷങ്ങളില്‍ യൂത്ത് ക്ലബ്ബുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കി കേരളോത്സവം കൂടുതല്‍ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഷേര്‍ളി, യൂസഫ് പാലക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ യൂത്ത് കോഡിനേറ്റര്‍ ടി.എം. ശശി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.എസ്. അബ്ദുല്‍സലീം, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."