രാജ്യത്ത് എല്ലാവര്ക്കും തൊഴില്‍ നല്‍കാനാകില്ലെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും തൊഴില്‍ നല്‍കുകയെന്നത് അസാധ്യമാണെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ തൊഴിലവസരം സൃഷ്ടിക്കുന്നില്ലെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോലിയും തൊഴിലും രണ്ടാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും ജോലി നല്‍കുകയെന്നത് അസാധ്യമാണ്. അതേസമയം സ്വയംതൊഴില്‍ കണ്ടെത്തുകയാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെന്നും അമിത്ഷാ വ്യക്തമാക്കി.
സ്വയംതൊഴില്‍ പദ്ധതിക്കായി സര്‍ക്കാര്‍ നടപ്പാക്കിയ മുദ്ര പദ്ധതിവഴി ഒന്‍പത് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്കാനായിട്ടുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്ത് ചെറിയ രീതിയില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതം പരിഹരിക്കപ്പെട്ടെന്നും ഒരു വര്‍ഷത്തിനകം ഇതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്തില്‍ ജാതിരാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കിയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തനം നിര്‍ഭാഗ്യകരമാണ്. ക്ഷത്രിയരെയും ഹരിജനങ്ങളെയും ആദിവാസി-മുസ്ലിം വിഭാഗങ്ങളേയും വേര്‍തിരിച്ചുള്ള തെരഞ്ഞെടുപ്പ് രീതിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.
ഇത്തരമൊരു രാഷ്ട്രീയനീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും അമിത്ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."