മേമുണ്ടയിലെ വിദ്യാര്‍ഥികള്‍ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്
വടകര: ശാസ്ത്രീയ ഖര-ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള നൂതന സാങ്കേതിക വിദ്യയും കൃഷി രീതിയുമായി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്. 'ശാസ്ത്രവും സാങ്കേതിക വിദ്യയും നൂതന രീതികളും സുസ്ഥിര വികസനത്തിന് ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇന്നും നാളെയുമായി തൃശൂര്‍ പീച്ചിയില്‍ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് പ്രൊജക്ടുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ടീമുകള്‍ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പ്രൊജക്ട് അവതരിപ്പിക്കും. ഖര - ജൈവ മാലിന്യ സംസ്‌കരണത്തില്‍ നൂതന സാങ്കേതിക വിദ്യയുമായാണ് ഹൈസ്‌കൂള്‍ വിഭാഗം പ്രൊജക്ട് ടീം സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ഥികളായ എസ്. അഭിനവ്, ഗായത്രി ചെറുവലത്ത്, കെ.കെ ശ്രവ്യ, ഗൗതം കൃഷ്ണ, സ്വാതി എസ് കുമാര്‍ എന്നിവരടങ്ങുന്ന ടീം ശാസ്ത്രത്തിന്റെ പഠന നേട്ടങ്ങള്‍ ഗ്രാമജീവിതത്തിലും വെളിച്ചം പരത്താനുള്ള തയാറെടുപ്പിലാണ്.
വിവിധ പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച മണ്ണിന്റെ ഭൗതിക സവിശേഷതകള്‍ പഠന വിധേയമാക്കുകയും അവ എങ്ങനെ കാര്‍ഷിക ഉല്‍പാദനത്തിന് മെച്ചപ്പെടുത്താം എന്നുമാണ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പഠനത്തിലൂടെ കണ്ടെത്തിയത്. ഇവ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്തിയാല്‍ ഭാവിയില്‍ കാര്‍ഷിക മേഖലയില്‍ സുസ്ഥിരത കൈവരിക്കാനാകും. അതിനുള്ള ശ്രമത്തിലാണ് എം. ഹൃദ്യ, പി.കെ സഫ അബ്ദുള്‍ മജീദ്, ജെ.എസ് നിദ, പി. ശ്രീലക്ഷ്മി, വി.ജി അഭിനവ് എന്നിവരടങ്ങിയ ടീം. അധ്യാപിക ജെ. അമൃതയാണ് പ്രൊജക്ട് ഗൈഡ്. അധ്യാപകന്‍ സുരേഷ് വടക്കയില്‍ ആണ് ഹൈസ്‌കൂള്‍ വിഭാഗം പ്രൊജക്റ്റ് ഗൈഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."