ഇരിട്ടിയില്‍ നാലു പൊലിസ് സ്‌റ്റേഷനുകളില്‍ റെഡ് അലര്‍ട്ട്
ഇരിട്ടി: മാവോയിസ്റ്റ് സംഘം തരിച്ചടിക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇരിട്ടി മേഖലയില്‍ നാല് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ റെഡ് അലര്‍ട്ട്. ബാക്കി സ്‌റ്റേഷനുകളില്‍ കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശം. കരിക്കോട്ടക്കരി, ആറളം, കേളകം, പേരാവൂര്‍ സ്‌റ്റേഷനുകളിലാണ് റെഡ് അലര്‍ട്ട് നടപ്പാക്കിയത്. യന്ത്രതോക്കേന്തിയ കമാന്‍ഡോകളെ ഈ സ്‌റ്റേഷനുകളില്‍ സുരക്ഷയ്ക്കായി നിയോഗിച്ചു. നിലവിലുള്ള സുരക്ഷ ഇരട്ടിയാക്കി. വൈദ്യുതി നിലച്ചാല്‍ പകരും വെളിച്ചം ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങളും സ്റ്റേഷനിലും പരിസരത്തും ഏര്‍പ്പെടുത്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, കേരള പൊലിസിലെ രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവര്‍ റെഡ് അലര്‍ട്ടും സുരക്ഷയും വിലയിരുത്തി.
മാവോയിസ്റ്റ് നേതാക്കളെ മലപ്പുറം കരുളായില്‍ പൊലിസ് വെടിവച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് 24ന് മുമ്പായി മാവോയിസ്റ്റുകള്‍ സ്‌റ്റേഷന്‍ അക്രമിച്ച് പ്രതികാരം തീര്‍ത്തേക്കാമെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 24നാണ് കരുളായില്‍ പൊലിസ് വെടിവയ്പ്പ് നടത്തിയതിന്റെ ഒന്നാം വാര്‍ഷികം. മാവോയിസ്റ്റ് വേട്ടക്ക് പരിശീലനം ലഭിച്ച കമാന്‍ഡോ സംഘംഗങ്ങളെ ഓരോ സബ് ഡിവിഷന്‍ തലത്തിലും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ലോക്കല്‍ പൊലിസ് സ്‌റ്റേഷനുകളിലും രണ്ടാഴ്ച കര്‍ശന നിരീക്ഷണത്തോടെ മാത്രമെ പരാതിക്കാരെ രാത്രി സ്റ്റേഷനില്‍ പ്രവേശിപ്പിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."