കൂടുതല്‍ അന്വേഷണത്തിനായി മുംബൈ പൊലിസ് കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്: കാസര്‍കോട് തൃക്കരിപ്പൂരില്‍ യുവാക്കളെ കാണാതായ കേസില്‍ അറസ്റ്റിലായ വയനാട് കമ്പളക്കാട്ടെ ടി. ഹനീഫയെ(26)ക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈ പൊലിസ് കാഞ്ഞങ്ങാട്ടും പടന്നയിലുമെത്തി. മുംബൈയില്‍ ഹോട്ടല്‍ ബിസിനസുകാരനും പടന്ന സ്വദേശിയുമായ അഷ്ഫാഖിന് ഐ.എസുമായി ബന്ധം പുലര്‍ത്താന്‍ പ്രേരണ നല്‍കുന്ന വിധത്തില്‍ ഹനീഫ മതപ്രഭാഷണം നടത്തിയെന്നാണ് പൊലിസ് ആരോപിക്കുന്ന കുറ്റം.
യു.എ.പി.എ നിയമപ്രകാരമാണ് ഹനീഫയെ അറസ്റ്റുചെയ്തത്. അഷ്ഫാഖിന്റെ പിതാവ് മജീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തത്. ഹനീഫ നേരത്തെ പടന്നയില്‍ നടത്തിയ പഠനക്ലാസുകള്‍ അഷ്ഫാഖിന് ഐ.എസില്‍ ചേരാന്‍ പ്രേരണയായെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
മുംബൈ പൊലിസിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പെരിങ്ങത്തൂരില്‍ നിന്നുമാണ് ഹനീഫയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാവിലെ കണ്ണൂരിലെത്തിയ മുംബൈ സി.ഐ വിനയ് ഖോര്‍പഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഹനീഫയെ കൈമാറുകയും ചെയ്തു. ഇതിനുശേഷമാണ് അന്വേഷണ സംഘം കാഞ്ഞങ്ങാട്ടും പടന്നയിലുമെത്തിയത്. ഇതിനായി ഹൊസ്ദുര്‍ഗ്, ചന്തേര പൊലിസിന്റെ സഹായവും തേടിയിട്ടുണ്ട്. അതേസമയം, ഹനീഫയ്ക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇല്ലെന്നാണ് കേരളാ പൊലിസ് പറയുന്നത്. ഹനീഫയുടെ പ്രസംഗങ്ങള്‍ പരിശോധിച്ചതില്‍ ഐ.എസിനെ പിന്തുണയ്ക്കുന്ന പരാമര്‍ശങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഐ.എസിനെ എതിര്‍ത്താണ് ഹനീഫ സംസാരിച്ചതെന്നും പൊലിസ് പറഞ്ഞു. മുംബൈ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പുതന്നെ കേരള പൊലിസ് ഹനീഫയെക്കുറിച്ച് അന്വേഷണം നടത്തുകയും പ്രസംഗങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."