മതനിന്ദ, ഭരണകൂടത്തിനെതിരേ പ്രവര്‍ത്തനം: കടുത്ത ശിക്ഷ നടപ്പിലാക്കാന്‍ സഊദി
ജിദ്ദ: മതനിന്ദ നടത്തുന്നവര്‍, ഭരണാധികാരികള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള സഊദി ആഭ്യന്തര മന്ത്രാലയ ശുപാര്‍ശയ്ക്ക് ശൂറാ കൗണ്‍സിലിന്റെ അംഗീകാരം.
പത്തു വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച ചേര്‍ന്ന ശൂറ കൗണ്‍സിലാണ് ഇതു സംബന്ധിച്ചുള്ള അംഗീകാരം നല്‍കിയത്. രാജ്യസുരക്ഷയ്ക്കും മതമൂല്യങ്ങളുടെ സംരക്ഷണത്തിനും അനിവാര്യമാണ് നിയമമെന്ന് ശൂറ വിലയിരുത്തി.
ശൂറയുടെ അംഗീകാരത്തിന് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെയാണ് നിയമം പ്രാബല്യത്തില്‍ വരിക.
ഇലക്ട്രോണിക് യുഗത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളും കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ നിയമം. മതനിന്ദ ഓണ്‍ലൈന്‍ വഴിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴിയോ പ്രചരിപ്പിക്കുക, തീവ്രവാദത്തിന് സഹായകമാകുന്ന വെബ്‌സൈറ്റ് നിര്‍മിക്കുക, ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കുമെതിരെയുള്ള പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും പങ്കാളികളാവുക എന്നിവ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.
വിദേശരഷ്ട്രങ്ങളുടെ ഏജന്റുകളായി പ്രവര്‍ത്തിക്കുക, അത്തരം താല്‍പര്യക്കാരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക, രാഷ്ട്രത്തിന്റെ സുരക്ഷ, ദേശീയ, അന്തര്‍ദേശീയ, സാമ്പത്തിക നയം എന്നിവക്കെതിരെ പ്രവര്‍ത്തിക്കുക, ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിനു പ്രചാരണം നല്‍കുക എന്നിവയും കുറ്റകരമായി പരിഗണിക്കും.
പൊതു താല്‍പര്യത്തിനും പൊതുജനവികാരത്തിനുമെതിരേ പ്രവര്‍ത്തിക്കുന്നതും ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായി നിലകൊള്ളുന്നതും കുറ്റകരമാണ്. നിയമാനുസൃതമല്ലാത്ത കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക് ഉപയോഗിച്ചു പ്രചാരണം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയും ശിക്ഷ നല്‍കാനും നിയമം അനുശാസിക്കുന്നുണ്ട്.
സഊദിയില്‍ ഇത്തരം കേസുകളില്‍ നിരവധി മലയാളികള്‍ക്കളടക്കമുള്ളവര്‍ തന്നെ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."