ജോയ്‌സ് ജോര്‍ജ് എം.പി ഭൂമി കൈയ്യേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി
ഇടുക്കി: ജോയ്‌സ് ജോര്‍ജ് എം.പി കൈയ്യേറ്റക്കാരനല്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് ഭൂമി കൈയ്യേറിയിട്ടില്ല. പട്ടയം റദ്ദാക്കിയ ദേവികുളം സബ്കലക്ടറുടെ നടപടി പുന:പരിശോധിക്കണമെന്നും റവന്യൂമന്ത്രി പറഞ്ഞു. ഉടുമ്പന്‍ചോലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോയ്‌സ് ജോര്‍ജിന്റെത് കൈയ്യേറ്റ ഭൂമിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു.
ഇടുക്കി കൊട്ടക്കാമ്പൂരില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന 28 ഏക്കര്‍ ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു.
എം.പിയുടെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത് ജോര്‍ജ് തമിഴ് വംശജരായ പട്ടികജാതിക്കാരുടെ കൈവശമിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ദേവികുളം സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാറാണ് പട്ടയം റദ്ദാക്കിയത്.
കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 58ലെ 28 ഏക്കര്‍ ഭൂമിയാണ് ജോയ്‌സ് ജോര്‍ജ് എം.പി, ഭാര്യ അനൂപ, പിതാവ് പാലിയത്ത് ജോര്‍ജ്, മാതാവ് മേരി ജോര്‍ജ്, സഹോദരന്‍ ജോര്‍ജി ജോര്‍ജ്, സഹോദര ഭാര്യ ജിസ് ജസ്റ്റിന്‍ എന്നിവരുടെ പേരിലുള്ളത്.
ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നും ഒറ്റ ദിവസംകൊണ്ട് എട്ടു പേര്‍ക്ക് പട്ടയം നല്‍കിയെന്നും ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ചേരാത്ത കാലഘട്ടത്തിലാണ് പട്ടയം അനുവദിച്ചതെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൊട്ടക്കാമ്പൂരിലെ ഭൂമി സംബന്ധമായ വിഷയം ഉയര്‍ന്നുവന്ന അന്നുമുതല്‍ റവന്യൂവകുപ്പ് വിശദമായ അന്വേഷണവും പരിശോധനയും നടത്തിവരികയായിരുന്നു.
ഭൂമി പട്ടയം ലഭിച്ച തൊട്ടടുത്ത മാസംതന്നെ ജോയ്‌സ് ജോര്‍ജിന്റെ പിതാവിന്റെ കൈവശം എത്തിയിട്ടുണ്ട്. 1979ല്‍ തയാറാക്കിയ സര്‍വേ സ്‌കെച്ചില്‍ വര്‍ഷങ്ങളായി ഭൂമി കൈവശംവച്ചെന്ന് അവകാശപ്പെടുന്നവരുടെ വിവരങ്ങളില്ല. തണ്ടപ്പേര്‍ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള റവന്യൂ രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.
ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണു കൊട്ടക്കാമ്പൂരിലുള്ളത്. ഇക്കാര്യം ജോയ്‌സ് ജോര്‍ജ് 2013ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ചേര്‍ത്തിരുന്നു.
ജോയ്‌സിന്റെ പിതാവ് ജോര്‍ജ് പട്ടികജാതിക്കാരായ ഏഴുപേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ റജിസ്റ്റര്‍ ചെയ്‌തെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി സംബന്ധമായ അന്വേഷണത്തിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."