ഇതാ, ഉള്‍ക്കടലിലുണ്ട് 'ജീവിക്കുന്ന ഫോസില്‍'
ഏകദേശം എട്ടുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസര്‍ എന്ന ഭീമാകാര ഉരഗങ്ങള്‍ ഭൂമി അടക്കിഭരിച്ചിരുന്ന കാലത്ത് കടലില്‍ ഉണ്ടായിരുന്ന ഒരുതരം സ്രാവുകളാണ് ഫ്രില്‍ഡ് ഷാര്‍ക്ക്. അക്കാലത്തെ പ്രധാനജീവികളായിരുന്ന ദിനോസറുകള്‍ എന്നേ മണ്‍മറഞ്ഞു. പില്‍ക്കാലത്തുണ്ടായ സസ്തനികള്‍ക്കും മറ്റു ജന്തുക്കള്‍ക്കും കാര്യമായ പരിണാമം സംഭവിച്ചിട്ടു കാലമേറെയായി. എന്നാല്‍, ഇന്നും കാലത്തെയും പരിണാമത്തെയും അതിജീവിച്ച് ഈ ഭൂമിയില്‍ വാഴുകയാണ് ഫ്രില്‍ഡ് ഷാര്‍ക്ക്.
ശാസ്ത്രലോകത്തെത്തന്നെ അത്ഭുതപ്പെടുത്തുന്ന ഈ പൗരാണികനെ ഗവേഷകര്‍ വിളിക്കുന്ന പേര് ജീവിക്കുന്ന ഫോസില്‍ എന്നാണ്. ആധുനികശാസ്ത്രത്തിനു പോലും ഗ്രഹിച്ചെടുക്കാന്‍ പറ്റാത്ത പല രഹസ്യങ്ങളും ഈ ജന്തുവിനെ ചുറ്റിപ്പറ്റി ഇന്നും നില്‍ക്കുന്നു. അതിനേക്കാള്‍ സുപ്രധാനമായ മറ്റൊരു കാര്യമുണ്ട്. എണ്‍പതുദശലക്ഷം വര്‍ഷങ്ങള്‍ ഭുമിയില്‍ കഴിഞ്ഞുവരുന്ന ഈ വര്‍ഗത്തെ മനുഷ്യന്‍ കണ്ടെത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മാത്രമാണ്.
ക്ലമിഡോസിലാച്യുസ് ആങ്ക്വിനിയസ് (Chlamydoselachus anguinesu) എന്ന ശാസ്ത്രനാമമുള്ള ഫ്രില്‍ഡ് ഷാര്‍ക്കിനെ ഇന്നും സ്രാവുകളുടെ പൂര്‍വ്വിക ഇനമായിട്ടാണു കണക്കാക്കുന്നത്. ആറടിനീളമുള്ള ഈ മത്സ്യം കാഴ്ചയില്‍ ഈല്‍ മത്സ്യം പോലെ തോന്നും. ഈ സ്രാവുകളുടെ ആവാസം അറ്റ്‌ലാന്റിക്, പെസഫിക് സമുദ്രങ്ങളിലാണ്. കടലിന്റെ അടിത്തട്ടില്‍ ഏതാണ്ട് 390 മുതല്‍ 4200 അടിവരെ ആഴത്തിലാണ് ഇവയെ കാണാറുള്ളത്. സമുദ്രജീവകളായ കൂന്തള്‍, വലിയമത്സ്യങ്ങള്‍ എന്നിവയെ കൂടാതെ ചെറിയ സ്രാവുകളും ഇവയുടെ ഭക്ഷണമെനുവില്‍ ഉള്‍പ്പെടും.
എണ്ണത്തില്‍ വിരളമായതുകൊണ്ടും കടലിന്റെ മുകള്‍നിരപ്പിലേയ്ക്കു വളരെ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും ഇവയെ നേരില്‍ കാണല്‍ അത്ര എളുപ്പമല്ല. കാലങ്ങള്‍ക്കു ശേഷം ഈയടുത്ത് പോര്‍ചുഗലില്‍ അല്‍ഗാര്‍വെ കടല്‍ത്തീരത്ത് എത്തിയ യൂറോപ്യന്‍ യൂനിയന്റെ സംഘമാണ് ഇവയില്‍ ഒരെണ്ണത്തെ കടല്‍ത്തീരത്തിനടുത്തു യാദൃച്ഛികമായി കണ്ടത്. അനധികൃത മത്സ്യബന്ധനത്തിനെക്കുറിച്ചു പഠിക്കാനെത്തിയ ആ സംഘത്തിന്റെ കാമറയില്‍ പതിഞ്ഞ ഫ്രില്‍ഡ് ഷാര്‍ക്കിന് ഏകദേശം അഞ്ചടി നീളമുണ്ടായിരുന്നു. ആഴക്കടലില്‍നിന്ന് അപൂര്‍വമായി മാത്രം പുറത്തുവരുന്ന സ്വഭാവം കൊണ്ടാവണം ഇവയുടെ ജീവിതരീതിയെക്കുറിച്ചും മറ്റുമുള്ള പഠനങ്ങളും വിവരങ്ങളും തീരെ കുറവാണ്.
ഫ്രില്‍ഡ് ഷാര്‍ക്കിന് ഈ പേരു വന്നത് അതിന്റെ ചെകിളയുടെ ആകൃതിയില്‍നിന്നാണ്. മറ്റു സ്രാവുകള്‍ക്കു ചെകിളകള്‍ വിട്ടുവിട്ടു നില്‍ക്കുമ്പോള്‍ ഇവയ്ക്കു മുന്‍വരിയിലെ ചെകിളകള്‍ പിന്നോട്ടു ഞൊറിഞ്ഞ ആകൃതിയില്‍ നീണ്ടാണു കാണപ്പെടുക. മറ്റു സ്രാവുകളില്‍നിന്നു വ്യത്യസ്തമായി വിലങ്ങനെ 25 വരികളിലായുള്ള മുന്നൂറോളം പല്ലുകളുണ്ട് ഇവയ്ക്ക്.
എറെ വഴക്കമുള്ള താടിയെല്ലും അസാധാരമായ പല്ലുകളും ഇവയെ വളരെയെളുപ്പം ഇരപിടിക്കാനും വിഴുങ്ങാനും സഹായിക്കുന്നു. ജപ്പാനില്‍ സുറൂഗാ ഉള്‍ക്കടലില്‍ നടത്തിയ പഠനങ്ങളില്‍ തെളിയുന്നത് ഈ സ്രാവുകളുടെ ആഹാരത്തില്‍ 61 ശതമാനം കൂന്തള്‍, നീരാളി വര്‍ഗത്തില്‍പ്പെടുന്ന കടല്‍ജീവികളാണെന്നാണ്. കടലിന്റെ അടിത്തട്ടില്‍ മാത്രം ജീവിക്കുന്നതുകൊണ്ട് പോഷകാഹാരക്കുറവുണ്ടാകും. ഇതിനാല്‍ ഫ്രില്‍ഡ് ഷാര്‍ക്കിനു തികച്ചും പ്രാകൃതരൂപമാണ്. ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് 80 ദശലക്ഷം വര്‍ഷത്തെ പരിണാമം ഈ ജീവികളുടെ ശരീരഘടനയ്ക്ക് അകത്തും പുറത്തും ഒരു മാറവും വരുത്തിയിട്ടില്ലെന്നാണ്.
ശരീരത്തില്‍ വച്ചുതന്നെ മുട്ടകള്‍ വിരിഞ്ഞശേഷം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഒവോ-വിവിപാരസ് (ovovivparus) ജന്തുക്കളില്‍പ്പെടും ഫ്രില്‍ഡ് ഷാര്‍ക്ക്. സാധാരണ ജന്തുക്കളില്‍നിന്നു വ്യത്യസ്തമാണ് ഒവോ-വിവിപാരസ് ജന്തുക്കളുടെ ഗര്‍ഭാവസ്ഥ. മുട്ടകളെ ഗര്‍ഭപാത്രത്തില്‍ തന്നെ വിരിയുന്നതുവരെ സൂക്ഷിക്കാന്‍ ഇവയ്ക്കു കഴിയും. മുട്ടവിരിഞ്ഞശേഷം കുറച്ചുസമയം കഴിഞ്ഞോ കുറച്ചുകാലം കഴിഞ്ഞോ പ്രസവിക്കുന്ന രീതിയാണ് ഒവൊവിവിപാരസിറ്റി. ചില ഇനം സ്രവുകളും അണലികളും തവളകളും ഇങ്ങനെയാണു പ്രസവിക്കുന്നത്. 42 മാസക്കാലത്തെ ഗര്‍ഭകാലയളവ് എന്ന പ്രത്യേകതയുഉള്ള ഫ്രില്‍ഡ് ഷാര്‍ക്ക് തന്നെയാണ് ഏറ്റവും നീണ്ടുനില്‍ക്കുന്ന ഗര്‍ഭകാലം ഉള്ള ജീവി.
എട്ടുകോടി വര്‍ഷക്കാലത്തെ അതിജീവിച്ചെങ്കിലും എണ്ണത്തില്‍ കുറവാണ് ഈ ഇനം സ്രാവുകള്‍. വേട്ടയാടപ്പെലും മറ്റു ഭീഷണികളും ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് വംശനാശം ഭീഷണി ഇല്ല.
വളരെ വിരളമായി മാത്രം പുറത്തുവരുന്ന ജീവിയായതിനാല്‍ ഇന്നേവരെ ഇവ മനുഷ്യനെ ആക്രമിക്കാന്‍ ശ്രമിച്ചതായിപ്പോലും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, നല്ല ശൗര്യം കൂടിയ സ്രാവുകളുടെ ഇനമായതിനാല്‍ ഇവയില്‍നിന്നു വിട്ടുനില്‍ക്കുന്നതാണു ബുദ്ധിയെന്നാണു ഗവേഷകര്‍ പറയുന്നത്.
'Living fossil': Ancient shark species pulled out of the deep sea
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."