രാസായുധ പ്രയോഗം: സിറിയക്കെതിരായ അന്വേഷണം റഷ്യ വീറ്റോ ചെയ്തു
ന്യൂയോര്‍ക്ക്: ജനവാസ മേഖലയില്‍ രാസപ്രയോഗം നടത്തിയതിന് സിറിയന്‍ സര്‍ക്കാരിനെതിരേ അന്വേഷണം നടത്തുന്ന കമ്മിറ്റിയുടെ കാലാവധി നീട്ടുന്നതിനെ റഷ്യ വീണ്ടും വീറ്റോ ചെയ്തു. ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ മെക്കാനിസം ( ജെ.ഐ.എം) എന്ന സംഘടനയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതാണ് റഷ്യ തടഞ്ഞത്.
യു.എന്നിന്റെയും രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു) സംയുക്തമായാണ് ബഷാര്‍ സര്‍ക്കാരിനെതിരേ അന്വേഷണം നടത്തുന്നത്. 2015ല്‍ ആരംഭിച്ച സംയുക്ത അന്വേഷണത്തിന്റെ കാലാവധി വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചിരുന്നു. യു.എന്‍ രക്ഷാസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ 11 അംഗങ്ങള്‍ കമ്മിറ്റിയുടെ കാലാവധി നീട്ടാനായി വോട്ട് ചെയ്തപ്പോള്‍ സ്ഥിരാംഗമായ റഷ്യയാണ് വീറ്റോ ചെയ്തത്.
സിറിയക്കെതിരേയുള്ള തീരുമാനങ്ങളെ എതിര്‍ക്കുന്ന റഷ്യന്‍ നയത്തിനെതിരേ അമേരിക്ക ശക്തമായി വിമര്‍ശിച്ചു. രാസായുധ പ്രയോഗവുമായി ബന്ധപ്പെട്ട് സിറിയക്കെതിരേയുള്ള നീക്കത്തില്‍ പത്താംതവണയാണ് റഷ്യ വീറ്റോ അധികാരം ഉപയോഗിക്കുന്നതെന്ന് യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു.
രാസായുധ പ്രയോഗത്തില്‍ സിറിയക്ക് വീണ്ടും അധികാരം നല്കുന്ന നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രാസായുധ പ്രയോഗത്തിന് സമ്മതമാണെന്ന സന്ദേശവും കൂടെ ഈ നീക്കത്തിലൂടെ വ്യക്തമാവുന്നതായി നിക്കി ഹാലെ പറഞ്ഞു. രാസായുധ പ്രയോഗത്തിനെതിരേ രക്ഷാസമിതി ഒരുമിച്ച് നില്‍ക്കണമെന്നും യു.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."