ചാണ്ടി വിവാദത്തില്‍ സി.പി.ഐ ഉള്‍പ്പെട്ടത് ചതിക്കുഴിയില്‍ വീണുപോയതിനാല്‍: പന്ന്യന്‍
തിരൂര്‍: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സ്വകാര്യ ഭൂമിയിലേക്ക് കായല്‍നികത്തി റോഡ് നിര്‍മിക്കാന്‍ കെ.ഇ.ഇസ്മയില്‍ എം.പി ഫണ്ട് അനുവദിച്ചതിന് കാരണം വിഷയം പരിശോധിച്ച് ശുപാര്‍ശ ചെയ്തവര്‍ ചതിക്കുഴിയില്‍ വീണുപോയതിനാലാണെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പ്രാദേശികനേതൃത്വവും സബ്ജറ്റ് കമ്മിറ്റിയും പരിശോധിച്ചാണ് റോഡിന് ഫണ്ട് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത്. റോഡ് കോളനിയിലേക്കാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശുപാര്‍ശ. ജില്ലാ പ്ലാനിങ് ഓഫിസറും ഇക്കാര്യത്തിലെ അപാകത എവിടെയും രേഖപ്പെടുത്തിയില്ല. കേരളത്തിന്റെ പൊതുതാല്‍പ്പര്യത്തിന് വേണ്ടി ശക്തമായി പോരാടുന്ന പാര്‍ട്ടിയാണ് സി.പി.ഐ. മറ്റ് പല പാര്‍ട്ടികളിലും അഭിപ്രായഭിന്നപ്പുണ്ടെങ്കില്‍ സി.പി.ഐ വ്യക്തിതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാത്തതിനാല്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങളില്ല.
സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല. ജനങ്ങള്‍ക്ക് നല്ല ഭരണമുണ്ടാകാനാണ് സി.പി.ഐ തര്‍ക്കങ്ങളിലേര്‍പ്പെട്ടത്. എന്തെങ്കിലും തരത്തിലുള്ള ലാഭത്തിന് വേണ്ടിയല്ല. എല്ലാ തര്‍ക്കങ്ങളും പറഞ്ഞുതീര്‍ത്തിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ യോജിച്ച് നിന്നില്ലെങ്കില്‍ അത് ഫാസിസ്റ്റ് ശക്തികള്‍ക്ക് വളരാനുള്ള അവസരമൊരുക്കും. അതിനാല്‍ ഇടതുപാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് ജനങ്ങളുടെ സൗഹൃദ ജീവിതമാണ് ലക്ഷ്യമിടുന്നത്.എന്നാല്‍ ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമം. മതതാല്‍പ്പര്യം ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം തന്നെ നടപ്പാക്കുന്നത് ഫാസിസമാണ്. മുതലാളിമാര്‍ക്ക് വേണ്ടി ഉറക്കമിളച്ച് പണിയെടുക്കുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന് രാജ്യഭരണത്തിലല്ല താല്‍പ്പര്യം. ബി.ജെ.പിക്ക് വോട്ടുചെയ്യാത്തവരെ പോലും ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താനാണ് ശ്രമമെന്നും പന്ന്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."