ജി.എസ്.ടിയുടെ കാര്യത്തില്‍ അനാവശ്യതിടുക്കം കാണിച്ചു
കൊച്ചി: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നത് വ്യാവസായിക വളര്‍ച്ച കുറയ്ക്കുമെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ആഭിമുഖ്യത്തില്‍ മാക്രോ ഇക്കണോമിക്‌സ് ഡെവലപ്‌മെന്റ് ഇന്‍ ഇന്ത്യ പോളിസ് പേഴ്‌സ്‌പെക്ടീവ് എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്കുകള്‍ കടം നല്‍കാതെ വ്യവസായങ്ങള്‍ക്കു വളരാന്‍ കഴിയില്ല. കിട്ടാക്കടം കൂടുന്നത് കടം നല്‍കാനുള്ള ബാങ്കുകളുടെ ശേഷി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചുവരികയാണ്.
ഇതുമൂലം വ്യവസായത്തിനാവശ്യമായ പണം നല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നു. ബാങ്കുകളുടെ ഇത്തരം നടപടികള്‍ സാമ്പത്തികവ്യവസ്ഥയ്ക്ക് അനുയോജ്യമല്ല. കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യാന്‍ നോട്ട്‌നിരോധനമായിരുന്നില്ല കാര്യക്ഷമമായ നടപടി.
ഇതിനായി ഭൂനികുതി അടക്കമുള്ള നികുതികള്‍ ലഘൂകരിക്കുന്നതോടൊപ്പം ഭൂമി രജിസ്‌ട്രേഷന്‍, ഭരണസംവിധാനം എന്നിവ സുതാര്യമാക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെയാണ് രാജ്യത്തെസമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്ക്. എന്നാല്‍ ഇത് 8-10 ശതമാനമായി വര്‍ധിച്ചാല്‍ മാത്രമേ സുസ്ഥിര വികസനപാതയില്‍ രാജ്യം എത്തുകയുള്ളൂ.
നോട്ട് നിരോധനം അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ കരകയറില്ല. ഒറ്റദിവസം കൊണ്ട് സമ്പദ്‌വ്യവസ്ഥയിലുണ്ടായിരുന്ന 86 ശതമാനം കറന്‍സിയും അസാധുവാക്കപ്പെട്ടു. ഇതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിച്ചു.
രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചുവരികയാണെന്നും വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. അസമത്വവും തൊഴില്ലായ്മയും രാജ്യത്ത് അതിഗുരുതരമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുക. സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനുള്ള നയരൂപീകരണത്തില്‍ മാക്രോ ഇക്കണോമിക്‌സില്‍ പുതിയ കാല്‌വയ്പ്പുകള്‍ അനിവാര്യമാണ്.
ഇതിനായി ഇക്കണോമിക്‌സ് വിദ്യാര്‍ഥികളും സാമ്പത്തിക വിദഗ്ധരും നവീനമായ കണ്ടുപിടുത്തങ്ങളും ആശയങ്ങളും കൈമാറണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
മൂഡി റേറ്റിങ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ സമ്പദ്ഘടനയുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നു എന്ന മിഥ്യാധാരണയിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോകേണ്ടതില്ല. റേറ്റിങ് ഉയര്‍ത്തിയതില്‍ സന്തോഷമുണ്ട്. സോദ്ദേശ്യമായ നേതൃത്വമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്നാവശ്യമെന്നും അദ്ദേഹം കൊച്ചിയില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രൂഡ് ഓയില്‍ വില കൂടുന്നത് ഇന്ത്യയെ ഗുരുതരമായി ബാധിക്കും.
ജി.എസ്.ടി നടപ്പാക്കുന്നതില്‍ അനാവശ്യ തിടുക്കം കാണിച്ചുവെന്നും പുതിയ നികുതിഘടന നടപ്പാക്കിയപ്പോള്‍ ആവശ്യമായ മുന്നൊരുക്കം നടത്തുന്നതില്‍ ബ്യൂറോക്രസി പരാജയപ്പെട്ടുവെന്നും മുന്‍ ധനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."