സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായി ജില്ലയൊരുങ്ങി
ആലപ്പുഴ: 70ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലയൊരുങ്ങി. ജില്ലാതലത്തിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും ആഘോഷങ്ങള്‍ നടക്കും. ഇന്ന് രാവിലെ 8.30ന് ആലപ്പുഴ പൊലിസ് പരേഡ് മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പൊതുമരാമത്ത്-രജിസ്ട്രേഷന് മന്ത്രി ജി സുധാകരന് ദേശീതപതാക ഉയര്‍ത്തും.
വിവിധ ട്രൂപ്പുകളുടെ സ്വാതന്ത്ര്യദിന പരേഡ് പരിശോധിക്കുന്ന മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിനസന്ദേശം നല്‍കും.
പൊലിസിന്റെയും എക്സൈസിന്റെയും എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്സ്, സ്കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്, കബ്സ്, ബുള്‍ബുള്‍ എന്നിവയുടെയുമായി 32 പ്ലാറ്റൂണുകളും ഒന്‍പത് ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുക്കും. പരേഡ് കമാന്‍ഡര്‍ എം.ജെ ജോഷിയുടെ നേതൃത്വത്തിലാണ് പരേഡ് നടക്കുക. മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് അര്‍ഹരായ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ എ.എസ്.ഐ ജി ലാല്‍ജി, ആലപ്പുഴ ഹെഡ് ക്വാട്ടേഴ്സിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ടി.ഡി നെവിന്, മുഹമ്മ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കെ സന്തോഷ്, കായംകുളം പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ കെ സുരേഷ്, എ.ആര് ക്യാംപിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ എന്‍ ബാലകൃഷ്ണ കാരണവര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ മെഡല്‍ സമ്മാനിക്കും.
മികച്ച ട്രൂപ്പുകള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്യും. പൊതുവിദ്യാഭ്യസ വകുപ്പ് സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസിനും ദേശീയഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ പുന്നപ്ര ജ്യോതി നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിനുമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. സായുധസേനാ പതാകദിന നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത വിദ്യാഭ്യാസ സ്ഥാപനമായ ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിനും സര്‍ക്കാര്‍ സ്ഥാപനമായ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫിസിനുമുള്ള ട്രോഫികളും സമ്മാനിക്കും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും സ്വാതന്ത്ര്യദിനാഘോഷം നടക്കും. സ്കൂളുകള്‍ കോളജുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."