ബോസ്‌നിയന്‍ കൂട്ടക്കൊല: റദ്‌കോ മ്ലാഡിക്കിന് ജീവപര്യന്തം
ഹേഗ്: 1992-95 കാലത്തു ബോസ്‌നിയയില്‍ നടന്ന വംശീയ യുദ്ധത്തില്‍ മുസ്‌ലിം കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയ മുന്‍ ബോസ്‌നിയന്‍ സെര്‍ബ് സൈനിക കമാന്‍ഡര്‍ റദ്‌കോ മ്ലാഡിക്കിനു ജീവപര്യന്തം തടവ്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഇയാള്‍ക്കു ശിക്ഷ വിധിച്ചത്.
74കാരനായ മ്ലാഡിക്കിനെതിരേയുള്ള 11 കുറ്റാരോപണങ്ങളില്‍ പത്തും കോടതി ശരിവച്ചു. എന്നാല്‍, ശിക്ഷ വിധിക്കുമ്പോള്‍ മ്ലാഡിക്ക് കോടതി മുറിയില്‍ ഉണ്ടായിരുന്നില്ല. ജഡ്ജിയോട് അപമര്യാദയായി സംസാരിച്ചതിന് അദ്ദേഹത്തെ കോടതി മുറിയില്‍നിന്നു പുറത്താക്കിയ ശേഷമായിരുന്നു ശിക്ഷ വിധിച്ചത്. രക്തസമ്മര്‍ദമുള്ളതിനാല്‍ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മ്ലാഡിക്കിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തനിക്കുമേല്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും മ്ലാഡിക് കോടതിയില്‍ നിഷേധിച്ചു. എന്നാല്‍, തെളിവുകള്‍ ഒന്നൊന്നായി വായിച്ചുകേള്‍പ്പിച്ച ജഡ്ജി അല്‍ഫോണ്‍സ് ഒറിയ, മ്ലാഡിക്കിന്റെ പ്രതിഷേധം കണക്കിലെടുത്തില്ല.
കോടതി നടപടികളുടെ തുടക്കത്തില്‍ പ്രസന്നനായി കാണപ്പെട്ട മ്ലാഡിക്, തുടര്‍ന്നു പ്രാഥമികാവശ്യത്തിന് പുറത്തുപോകാന്‍ അഞ്ചു മിനിറ്റ് ആവശ്യപ്പെട്ടു. കോടതി ഇത് അനുവദിച്ചെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പിന്നീട് മ്ലാഡിക് ഹാജരായത്. കോടതി ശിക്ഷ വിധിക്കുമെന്ന് ഉറപ്പായതോടെ പ്രകോപിതനായ ഇദ്ദേഹത്തെ കോടതി പുറത്താക്കി. പിന്നീട് പുറത്തെ റൂമിലിരുന്നു സ്‌ക്രീനിലൂടെയാണ് അദ്ദേഹം കോടതി നടപടികള്‍ വീക്ഷിച്ചത്.
ബോസ്‌നിയയിലെ പ്രിജെഡോര്‍ നഗരത്തില്‍ ആസൂത്രിതമായി നടപ്പാക്കിയ കൊല, മാനഭംഗം, കൊള്ള, സ്വത്തു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന കോടതി കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന സൈനികരെ യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത് വിചാരണ ആരംഭിച്ചത്. 1992ല്‍ ആരംഭിച്ച ആഭ്യന്തരകലാപംമൂലം ബോസ്‌നിയയിലും സെര്‍ബിയയിലുമായി ഏകദേശം 2,00,000 പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളാകുകയും ചെയ്തിരുന്നു. 7,000 മുസ്‌ലിംകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്.
യുദ്ധത്തിനിടെ സെര്‍ബ് സൈനികര്‍ കീഴടക്കിയിരുന്ന സ്രെബ്രനിക്ക യു.എന്‍ സംരക്ഷിത മേഖലയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി ബോസ്‌നിയന്‍ മുസ്‌ലിംകള്‍ കൂട്ടത്തോടെ ഇവിടെ താമസമാരംഭിച്ചു.
എന്നാല്‍ 1995ല്‍ ജനറല്‍ റദ്‌കോ മ്ലാഡികിന്റെ നേതൃത്വത്തിലുള്ള സൈന്യം ഇവിടെ കടന്നുകയറുകയും മുസ്‌ലിംകളെ കൂട്ടക്കൊല നടത്തുകയുമായിരുന്നു. കൂട്ട ബലാത്സംഗം അടക്കം ക്രൂരമായ പീഡനങ്ങളും നടത്തിയിരുന്നു. ഇവിടെ സംരക്ഷണത്തിനുണ്ടായിരുന്ന ഡച്ച് സൈനികര്‍ ഇതു പ്രതിരോധിക്കാത്തതിനെയും നേരത്തേ കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."