മുഗാബെയെ പ്രോസിക്യൂട്ട് ചെയ്യില്ല; സിംബാബ്‌വെയ്ക്കു പുതിയ പ്രസിഡന്റ്
ഹരാരെ: സൈനിക അട്ടിമറിയും കനത്ത സമ്മര്‍ദങ്ങളും കാരണം രാജിവച്ച സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നു തീരുമാനം. സൈനിക നേതൃത്വവുമായി നടന്ന ചര്‍ച്ചയിലാണ് നിയമനടപടികളില്‍നിന്നു മുഗാബെ രക്ഷപ്പെട്ടത്. ധാരണപ്രകാരം സിംബാബ്‌വെയില്‍ തുടര്‍ന്നും താമസിക്കുന്നതിനു മുഗാബെയ്ക്കും കുടുംബത്തിനും എല്ലാ സുരക്ഷയും സൈന്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മാന്‍ഗ്വാഗ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കഴിഞ്ഞ മാസം ആറിനു വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മുഗാബെ പുറത്താക്കിയിരുന്നു. തുടര്‍ന്നു ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജ്യത്തു തിരിച്ചെത്തിയത്.
സിംബാബ്‌വെയില്‍ തുടര്‍ന്നും സ്വാതന്ത്ര്യത്തോടെ താമസിക്കുന്നതിനു മുഗാബെയ്ക്കുമേല്‍ ഒരു നിയന്ത്രണവുമുണ്ടാകില്ലെന്നു സൈന്യം അറിയിച്ചിട്ടുണ്ട്. ആവശ്യപ്പെടുമ്പോഴൊക്കെ വിദേശ സന്ദര്‍ശനങ്ങള്‍ നടത്താനും അദ്ദേഹത്തിന് അനുമതിയുണ്ട്. നാടുകടത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം രാജ്യത്തുവച്ചുതന്നെ മരിക്കണമെന്നും മുഗാബെ ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, നിലവില്‍ സിംബാബ്‌വെയുടെ സാമ്പത്തികാവസ്ഥ പരിതാപകരമാണെന്നു ചൂണ്ടിക്കാട്ടി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) രംഗത്തെത്തി. അടിയന്തരമായി സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തണമെന്നു ഐ.എം.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ നേതാക്കളുമായും സംഘടനകളുമായും ചര്‍ച്ച നടത്തുന്നതിനായി ബ്രിട്ടന്റെ ആഫ്രിക്കന്‍കാര്യ മന്ത്രി റോറി സ്റ്റ്യൂവര്‍ട്ട് സിംബാബ്‌വെയിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."