ഉപഭോക്തൃബന്ധത്തിന് ഖത്തര്‍ ഉന്നത മൂല്യങ്ങള്‍ കല്പിക്കുന്നു- ഊര്‍ജ വ്യവസായ മന്ത്രി
ദോഹ: ഉപഭോക്താക്കളുമായി ബന്ധത്തിന് ഉന്നതമൂല്യങ്ങളാണ് ഖത്തര്‍ കല്‍പ്പിക്കുന്നതെന്ന് ഊര്‍ജ വ്യവസായ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ സാലേഹ് അല്‍സദ. ഖത്തറിനെതിരെ ഉപരോധം തുടരുന്നതുള്‍പ്പടെ ശക്തമായ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍പ്പോലും തങ്ങളുടെ മൂല്യമേറിയ ഉപഭോക്താക്കള്‍ക്ക് വാതക വിതരണം ഉറപ്പാക്കി. ഒരു ഷിപ്പ്‌മെന്റ് പോലും ലഭ്യമാക്കാതിരുന്നിട്ടില്ല. ഉപരോധത്തിലും പ്രകൃതിവാതക വിതരണം തടസപ്പെട്ടില്ലെന്നും ഊര്‍ജമന്ത്രി വിശദീകരിച്ചു.
ബൊളീവിയയിലെ സാന്താക്രൂസില്‍ നാലാമത് രാജ്യാന്തര വാതക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിയിലെ ആവശ്യകത നിറവേറ്റാന്‍ കഴിയുന്ന വിധത്തില്‍ ഭാവിയിലും നേതൃസ്ഥാനത്ത് ഖത്തര്‍ തുടരും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരം ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഉല്‍പാദനം ഉയര്‍ത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 2024ഓടെ ഖത്തറിന്റെ വാര്‍ഷിക എല്‍എന്‍ജി ഉല്‍പാദനം 10 കോടി ടണ്‍ ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഊര്‍ജ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘമാണ് ഉച്ചകോടിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."