യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി നടപടിയുമായി എം.എസ്.എഫ് നേതൃത്വം
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ അഴിച്ചു പണിക്കൊരുങ്ങി എം.എസ്.എഫ്.
വര്‍ഷങ്ങളായി കുത്തകയായി വച്ചിരുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ മലപ്പുറം യൂനിയന്‍ എക്‌സിക്യൂട്ടിവ് സ്ഥാനമാണ് എം.എസ്.എഫിന് നഷ്ടമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളോട് ആലോചിക്കാതെ എം.എസ്.എഫ് സംസ്ഥാന നേതൃത്വം മലപ്പുറം ജില്ലാ കമ്മിറ്റിയെ മരവിപ്പിക്കുകയായിരുന്നു.
മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനം നഷ്ടപ്പെട്ടത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാത്രം വീഴ്ചയാണെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
മലപ്പുറം ജില്ലാ എക്‌സിക്യൂട്ടിവിലേക്ക് ആകെയുള്ള 129 വോട്ടില്‍ 128 എണ്ണം പോള്‍ ചെയ്തപ്പോള്‍ 66 വോട്ട് നേടിയാണ് എസ്.എഫ്.ഐ വിജയിച്ചത്. എം.എസ്.എഫിന്റെ വി.ഫുഹാദിനെയാണ് എസ്.എഫ്.ഐയുടെ ടി.പി തെന്‍സി പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എസ്.എഫ് സ്ഥാനാര്‍ഥി വിജയിച്ചതെങ്കിലും ഇത്തവണ വോട്ടുനില കുത്തനെ താഴുകയായിരുന്നു. അതേസമയം കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താനായത് എം.എസ്.എഫിന് ആശ്വാസമായി.
കഴിഞ്ഞ വര്‍ഷം ചക്രശ്വാസം വലിച്ചാണ് ഈ സ്ഥാനം നിലനിര്‍ത്തിയത്.
മലയോര മേഖലയിലെ കോളജുകളിലെയും സെല്‍ഫ് ഫിനാന്‍സ് കോളജുകളുടെയും പിന്‍ബലത്തിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി എം.എസ്.എഫ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് നിലനിര്‍ത്തിയത്.
നാദാപുരം എം.ഇ.ടി കോളജിലെ എം.എസ്.എഫ് യു.യു.സിയായ നജ്മുസ്സാഖിബ് ആണ് യു.ഡി.എസ്.എഫ് പ്രതിനിധിയായി വിജയിച്ചത്.
2016-17 മുതലാണ് യു.ഡി.എസ്.എഫ് സഖ്യത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിനു മുന്‍പ് മൂന്ന് വര്‍ഷം തുടര്‍ച്ചയായി യു.ഡി.എസ്.എഫ് സഖ്യം യൂനിയന്‍ നിലനിര്‍ത്തിയത് യു.ഡി.എഫ് സിന്‍ഡിക്കേറ്റ് നടത്തിയ അപ്രതീക്ഷിത നിയമ ഭേദഗതിയിലൂടെയായിരുന്നു.
100 വിദ്യാര്‍ഥികളില്‍ കുറവുള്ള കോളജുകള്‍ക്ക് യു.യു.സിമാരെ തെരഞ്ഞെടുക്കാമെന്നാണ് നിയമ ഭേദഗതി വരുത്തിയത്. ഇതോടെ മുഴുവന്‍ സ്വാശ്രയ കോളജുകളിലുള്ളവര്‍ക്കും വോട്ട് ചെയ്യാമെന്നായി. എന്നാല്‍ ഈ നിയമം ഭേദഗതിവരുത്താതെ തന്നെയാണ് എസ്.എഫ്.ഐ ഇത്തവണയും യൂനിയന്‍ നിലനിര്‍ത്തിയത്.
ആകെയുള്ള 393 കൗണ്‍സിലര്‍മാരില്‍ 385 പേരാണ് വോട്ട് ചെയ്തത്. ഓരോ ജനറല്‍ സീറ്റിലും 90 മുതല്‍ 99 വോട്ടുകളുടെ ഭൂരിപക്ഷമാണ് എസ്.എഫ്.ഐ നേടിയത്.
അതേസമയം പാരമ്പര്യ വോട്ടുകള്‍ നിലനിര്‍ത്താനായെന്നും മുന്നണി സംവിധാനത്തിലെ പാകപ്പിഴകളാണ് പരാജയ കാരണമെന്നുമാണ് എം.എസ്.എഫ് ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."