ഹാദിയ കോളജില്‍: ഇനി സ്വതന്ത്ര പഠനകാലം
സേലം: ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളം വഴി പുറപ്പെട്ട ഹാദിയ സേലം ശിവരാജ് ഹോമിയോപതിക് മെഡിക്കല്‍ കോളജിലെത്തി. 11 മാസം മുമ്പ് മുടങ്ങിപ്പോയ കോഴ്സില്‍ തുടര്‍പഠനം ആരംഭിക്കും. എന്നാല്‍ അധ്യയനം എന്നു തുടങ്ങാനാവുമെന്ന് വ്യക്തമല്ല. യൂനിവേഴ്സിറ്റി അനുമതി ലഭിച്ചാല്‍ മാത്രമേ അധ്യയനം ആരംഭിക്കാനാവൂയെന്ന് കോളജ് ഡയരക്ടര്‍ അറിയിച്ചു.
കോളജ് ഹോസ്റ്റലിലായിരിക്കും ഹാദിയയുടെ താമസം. കോളജില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാറിയാണ് വനിതാ ഹോസ്റ്റല്‍. ഹോസ്റ്റല്‍ അഡ്മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ നേരത്തെ ശരിയാക്കിയിരുന്നു.
തമിഴ്നാട് സര്‍ക്കാരിന്റെ സുരക്ഷാ ചുമതലയിലും ചെലവിലുമാണ് ഇനി ഹാദിയ പഠിക്കുക.
15 അംഗ പൊലിസ് സംഘത്തിനാണ് ഹാദിയയുടെ മുഴുസമയ സുരക്ഷാ ചുമതല. ഇവര്‍ മാറിമാറി ഹാദിയയ്ക്കൊപ്പം എപ്പോഴുമുണ്ടാകും. യൂനിഫോമിലായിരിക്കില്ല, സാധാരണ വസ്ത്രത്തില്‍ തന്നെയാണ് ഹോസ്റ്റലിലും ക്ലാസിലും ഉണ്ടാവുക.
വൈകിട്ട് 4.45 ഓടെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് വഴി സേലത്തേക്കു പുറപ്പെട്ടത്. ഏഴു മണിയോടെ സേലത്തെ കോളജിലെത്തി. കോളജ് ക്യാംപസില്‍ വന്‍ പൊലിസ് സന്നാഹത്തെ തമിഴ്നാട് സര്‍ക്കാര്‍ സജ്ജീകരിച്ചിരുന്നു. തുടര്‍ന്ന് ഓഫിസിലെത്തി പുന:പ്രവേശനം രേഖപ്പെടുത്തി.
ഇന്നലെത്തെ സുപ്രിം കോടതി വിധിയാണ് ഹാദിയയ്ക്ക് പഠനം തുടരാന്‍ അവസരമൊരുക്കിയത്. ഹാദിയ പഠനം തുടരണമെന്നും രക്ഷാകര്‍ത്താവായി കോളജ് ഡീനിനെ ഏര്പ്പിക്കുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണമെന്നും സുപ്രിം കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."