ശശീന്ദ്രനെതിരായ കേസ് ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കും
കൊച്ചി: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദം അന്വേഷിച്ച പി.എസ് ആന്റണി കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച രേഖ (ടേംസ് ഓഫ് റഫറന്‍സ്) ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ശശീന്ദ്രനെതിരേ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
ചൊവ്വാഴ്ച ഹരജി പരിഗണിച്ചപ്പോള്‍ ആന്റണി കമ്മിഷന്റെ അന്വേഷണത്തില്‍ ഈ പരാതിയുണ്ടായിരുന്നില്ലെന്ന് ശശീന്ദ്രന്റെ അഭിഭാഷകന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. കേസ് ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കും. പരാതി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും കേസ് നടപടികള്‍ തുടരാന്‍ താല്പര്യമില്ലെന്നും കാണിച്ചാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പരാതി റദ്ദാക്കുന്നതിനെതിരേ കേസില്‍ കക്ഷിചേരാന്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജി പിന്നീട് പരിഗണിക്കാമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."