കെനിയയില്‍ പ്രതിഷേധങ്ങള്‍ക്കിടെ കെനിയാട്ട അധികാരമേറ്റു
നെയ്‌റോബി: രാജ്യവ്യാപകമായി പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ കെനിയന്‍ പ്രസിഡന്റായി വീണ്ടും ഉഹുറു കെനിയാട്ട സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഇതു രണ്ടാം തവണയാണ് കെനിയാട്ട കെനിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്ത് തനിക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ മയപ്പെടുത്താനുതകുന്ന തീരുമാനങ്ങളും സത്യപ്രതിജ്ഞാ ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചു.
പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍കൂടി പരിഗണിച്ച് ഭാവിനയങ്ങള്‍ തീരുമാനിക്കുമെന്ന് ചടങ്ങില്‍ കെനിയാട്ട പറഞ്ഞു. എന്നാല്‍, അടുത്തമാസം താന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് റെയ്‌ല ഒഡിംഗ വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. കെനിയാട്ടയുടെ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നു ഫലപ്രഖ്യാപനത്തിനു ശേഷം പ്രതിപക്ഷം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷം ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ഓഗസ്റ്റ് എട്ടിനായിരുന്നു കെനിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അസാധുവാക്കിയ സുപ്രിംകോടതി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
തുടര്‍ന്ന് ഒക്ടോബര്‍ 26നാണ് തെരഞ്ഞെടുപ്പ് മാറ്റിനടത്തിയത്. 39 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 98 ശതമാനം വോട്ട് നേടി ഉഹുറു കെനിയാട്ട വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."