ജനന - മരണ രജിസ്‌ട്രേഷന്‍; നടപടികള്‍ കര്‍ശനമാക്കുന്നു
കൊണ്ടോട്ടി: സംസ്ഥാനത്തെ ജനന - മരണ രജിസ്‌ട്രേഷന്‍ സമയ ബന്ധിതമായി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ കര്‍ശനമാക്കുന്നു.
ജനന-മരണ രജിസ്‌ട്രേഷന്‍ കൂടുതല്‍ വ്യക്തവും സുതാര്യവുമാക്കുന്നതിനുമൊപ്പം സമയബന്ധിതമായി നടപ്പിലാക്കാത്തവര്‍ക്കെതിരേ നടപടികളും കൈക്കൊള്ളും. മരണപ്പെട്ടവരുടെ പേരിലുള്ള ആനുകൂല്യങ്ങളും മറ്റും ബന്ധുക്കള്‍ അന്യായമായി കൈവശപ്പെടുത്തുന്നത് ഉള്‍പ്പെടെ തടയുന്നതിനാണിത്. മരണം നടന്ന് 21 ദിവസങ്ങള്‍ക്കകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇതിനു ശേഷം 30 ദിവസം വരെ വൈകിയതിനുള്ള 2 രൂപ ഫീസ് ഒടുക്കി രജിസ്റ്റര്‍ ചെയ്യാം.
30 ദിവസത്തിന് ശേഷം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയും ഒരുവര്‍ഷത്തിന് ശേഷം ആര്‍.ഡി.ഒ യുടേയും അനുമതിയോടെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.
ഇതിനായി മരണം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിന്റെയും, മരണപ്പെട്ടവരുടെ ബന്ധുക്കളല്ലാത്തവരുടേയും സത്യവാങ്മൂലവും വേണം. മരണപ്പെട്ടയാളെക്കുറിച്ച് വ്യക്തമായ വിവരം അന്വേഷിച്ചതിന് ശേഷം മാത്രമെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഇതിന് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലതാമസവുമുണ്ടാകും.
വീട്, ആശുപത്രി, ജയില്‍, ലോഡ്ജ്, ഹോസ്റ്റല്‍ തുടങ്ങിയവയില്‍ നടന്ന അസ്വാഭാവിക മരണമാണെങ്കില്‍ ഇവിടെ ചുമതലയുള്ള വ്യക്തികളും, ഇന്‍ക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്റെയും റിപ്പോര്‍ട്ട് ഹാജരാക്കണം.
രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ വാഹനത്തില്‍ വച്ച് മരണം സംഭവിക്കുകയും ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്താല്‍ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രജിസ്‌ട്രേഷന്‍ യൂനിറ്റില്‍ മരണ വിവരം അറിയിക്കണം. വാഹനത്തില്‍ വച്ച് മരണം സംഭവിക്കുകയും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്താല്‍ സംഭവിച്ച സ്ഥലം വിശദീകരിച്ച് മരണ റിപ്പോര്‍ട്ട് ബന്ധുക്കളോ,വാഹന ഉടമയോ സത്യാവാങ്മൂലം നല്‍കണമെന്നാണ് നിബന്ധന.
മരണം നടന്നിടത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ലങ്കില്‍ സംസ്‌കാരം നടന്ന സ്ഥലത്ത് രജിസ്റ്റര്‍ ചെയ്താലും മതി. കാണാതായവരുടെ മരണ രജിസ്‌ട്രേഷന്‍ ആളെ കാണാതായി ഏഴ് വര്‍ഷത്തിന് ശേഷം മരണപ്പെട്ടതായി കണക്കാക്കുന്ന കോടതി ഉത്തരവ് പ്രകാരമാണ് നടത്തേണ്ടത്.
അന്യായക്കാരന്‍ കോടതിയെ സമീപിച്ച ദിവസം മരണ തിയതിയായാണ് കണക്കാക്കുക.
കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെയും ഗര്‍ഭ പാത്രം വാടകക്ക് എടുക്കുന്നതിലൂടെയും ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജനന രജിസ്‌ട്രേഷനില്‍ ജനിതക മാതാപിതാക്കളുടെ പേരാണ് രേഖപ്പെടുത്തേണ്ടത്.
ആദിവാസികളാണെങ്കില്‍ അമ്മമാര്‍ നല്‍കുന്ന തിയതിയാണ് ജനന ദിവസമായി കണക്കാക്കേണ്ടത്. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ രജിസ്‌ട്രേഷന് ഭാവിയില്‍ അവര്‍ക്ക് അപമാനമായിത്തീരുന്ന രീതിയില്‍ തെരുവ്, അനാഥാലയം, അമ്മത്തൊട്ടില്‍ എന്നിവയൊന്നും ജനന സ്ഥലമായി ചേര്‍ക്കാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."