റൂണിക്ക് ഹാട്രിക്ക്; സിറ്റി, ചെല്‍സി, ലിവര്‍പൂള്‍, ആഴ്‌സണല്‍ ടീമുകള്‍ക്ക് വിജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് അപരാജിത കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റി വിജയം ആവര്‍ത്തിച്ചപ്പോള്‍ ആഴ്‌സണല്‍, ലിവര്‍പൂള്‍, എവര്‍ട്ടന്‍ ടീമുകളും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും സ്വന്തം തട്ടകത്തില്‍ വിജയിച്ചു കയറി. മാഞ്ചസ്റ്റര്‍ സിറ്റി എത്തിഹാദ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ 2-1ന് സതാംപ്ടനെയാണ് കീഴടക്കിയത്. ആഴ്‌സണല്‍ ഹോം ഗ്രൗണ്ടില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഹഡ്ഡേഴ്‌സ്ഫീല്‍ഡ് ടൗണിനെ തകര്‍ത്തപ്പോള്‍ എവര്‍ട്ടന്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വെസ്റ്റ് ഹാം യുനൈറ്റഡിനേയും ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ സ്റ്റോക് സിറ്റിയേയും വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ ബേണ്‍ലി 2-1ന് ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെറ്ററന്‍ താരം വെയ്ന്‍ റൂണി ഹാട്രിക്ക് ഗോളുകളുമായി കളം നിറഞ്ഞ പോരാട്ടത്തിലാണ് എവര്‍ട്ടന്റെ വിജയം. സാം അല്ലാര്‍ഡൈസ് ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റതിന്റെ പിന്നാലെയാണ് എവര്‍ട്ടന്‍ തകര്‍പ്പന്‍ വിജയം പിടിച്ചത്. കളിയുടെ 18, 28, 66 മിനുട്ടുകളില്‍ വല ചലിപ്പിച്ചാണ് റൂണി ഹാട്രിക്ക് സ്വന്തമാക്കിയത്. ശേഷിച്ച ഗോള്‍ 78ാം മിനുട്ടില്‍ വില്ല്യംസ് നേടി. സ്വന്തം പകുതിയില്‍ നിന്ന് എതിര്‍ പോസ്റ്റില്‍ പന്തെത്തിച്ച് സുന്ദരമായൊരു ഗോളും ഹാട്രിക്കിനൊപ്പം റൂണി ചേര്‍ത്തു.
ഒലിവര്‍ ജിറൂദിന്റെ ഇരട്ട ഗോളുകളും ലക്കാസെറ്റെ, അലക്‌സിസ് സാഞ്ചസ്, മെസുറ്റ് ഓസില്‍ എന്നിവരുടെ ഗോളുകളും ചേര്‍ത്താണ് സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ആഴ്‌സണല്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഹഡ്ഡേഴ്‌സ്ഫീല്‍ഡിനെ തുരത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം നേടിയ ആഴ്‌സണല്‍ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും വലയിലാക്കിയത്.
സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട മത്സരത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം സമനില വഴങ്ങിയ സിറ്റി കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ റഹിം സ്റ്റെര്‍ലിങിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ എട്ട് പോയിന്റ് വ്യത്യാസവുമായി സിറ്റി ഒന്നാം സ്ഥാനത്ത് കരുത്തോടെ നില്‍ക്കുന്നു.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി രണ്ട് മിനുട്ട് പിന്നിട്ടപ്പോള്‍ ഡി ബ്രുയ്‌ന്റെ ഗോളിലാണ് സിറ്റി ലീഡെടുത്തത്. 75ാം മിനുട്ടില്‍ ഹഡ്ഡേഴ്‌സ് ഗോള്‍ മടക്കി. ഇഞ്ച്വറി ടൈമില്‍ നിര്‍ണായക ഗോളിലൂടെ സ്റ്റെര്‍ലിങ് സിറ്റിയുടെ രക്ഷകനായി മാറുകയായിരുന്നു.
മുഹമ്മദ് സലാഹ് നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. കളിയുടെ 17ാം മിനുട്ടില്‍ സാദിയോ മാനെ ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചു. പിന്നീട് 77, 83 മിനുട്ടുകളിലാണ് സലാഹിന്റെ ഇരട്ട ഗോളുകള്‍ ടീമിന്റെ വിജയം ഉറപ്പാക്കിയത്.
പരിശീലകന്‍ അന്റോണിയോ കോണ്ടെയ്ക്ക് ആദ്യ പകുതി തീരുന്നതിന് തൊട്ടുമുന്‍പ് തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകേണ്ടി വന്ന മത്സരത്തില്‍ ചെല്‍സി സുരക്ഷിത വിജയം സ്വന്തമാക്കി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങി 55ാം മിനുട്ടില്‍ റൂഡിഗര്‍ നേടിയ ഏക ഗോളില്‍ അവര്‍ സ്വാന്‍സീ സിറ്റിയെ പരാജയപ്പെടുത്തുകയായിരുന്നു.
14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 40 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 32 പോയിന്റുമായി രണ്ടാമത്. ചെല്‍സി 29 പോയിന്റുമായി മൂന്നാമതും ആഴ്‌സണല്‍ 28 പോയിന്റുമായി നാലാമതും ലിവര്‍പൂള്‍ 26 പോയിന്റുമായി അഞ്ചാമതും നില്‍ക്കുന്നു.
പി.എസ്.ജി മുന്നോട്ട്
പാരിസ്: ഫ്രാന്‍സില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ എതിരില്ലാത്ത മുന്നേറ്റം തുടരുന്നു. ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ അവര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ട്രോയസിനെ വീഴ്ത്തി. സൂപ്പര്‍ താരങ്ങളായ നെയ്മര്‍, കവാനി എന്നിവര്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളാണ് പി.എസ്.ജിയെ വിജയിപ്പിച്ചത്. കവാനി ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും അത് മത്സര ഫലത്തെ സ്വാധീനിച്ചില്ല. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മൊണാക്കോയെ നാന്റസ് 1-0ത്തിന് വീഴ്ത്തി.
നീസ് 2-1ന് ടോളൗസിനെയും പരാജയപ്പെടുത്തി. 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പി.എസ്.ജി 41 പോയിന്റുമായി ബഹുദൂരം മുന്നില്‍. രണ്ടാമതുള്ള ഒളിംപിക്ക് മാഴ്‌സയ്ക്ക് ഇത്രയും കളികളില്‍ നിന്ന് 31 പോയിന്റ്. മൊണാക്കോ 29 പോയിന്റുമായി നാലാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."